മെത്രാന്‍ കായലില്‍ നവംബറില്‍ കൃഷി ഇറക്കും

166

കോട്ടയം: യുഡിഎഫ് സര്‍ക്കാര്‍ വില്‍ക്കാന്‍ തീരുമാനിച്ച മെത്രാന്‍ കായലില്‍ നവംബര്‍ ഇരുപതിനകം കൃഷി ഇറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മെത്രാന്‍ കായല്‍ കൂടാതെ ആറന്മുളയിലെ വിവാദ ഭൂമിയായ 50 ഏക്കര്‍ സ്ഥലത്തും, 28 വര്‍ഷമായി കൃഷി മുടങ്ങി കിടക്കുന്ന ആലപ്പുഴയിലെ റാണി കായലിലും സര്‍ക്കാര്‍ കൃഷി ഇറക്കും.
നേരത്തെ കൃഷി മന്ത്രി സുനില്‍കുമാര്‍ മെത്രാന്‍ കായലില്‍ കൃഷി ഇറക്കുമെന്ന് പറഞ്ഞിരുന്നു. മെത്രാന്‍ കായല്‍ സന്ദര്‍ശിച്ച മന്ത്രി കൃഷി ഇറക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ നടപടികള്‍ ഉണ്ടായത്.
വ്യാഴാഴ്ച നടന്ന കൃഷി ഓഫീസര്‍മാരുടെ യോഗത്തില്‍ ഡയറക്ടര്‍ ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കി. തുടര്‍ നടപടികള്‍ കൈക്കൊള്ളാനായി ആര്‍ഡിഒമാരെ ചുമതലപ്പെടുത്തുകയും ചെയ്തു. കൃഷി മന്ത്രി സുനില്‍കുമാര്‍ മെത്രാന്‍ കായല്‍ സന്ദര്‍ശിച്ചതിന്റെ ഭാഗമായി മെത്രാന്‍ കായല്‍ പാടശേഖരസമിതി രൂപീകരിച്ചിരുന്നു. ജില്ലാ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിളിച്ച യോഗത്തിലാണ് പാടശേഖരസമിതിക്ക് രൂപം കൊടുത്തത്.
സമിതിയില്‍ 12 കര്‍ഷകരാണ് ഉള്ളത്. കൃഷി ഇറക്കാന്‍ 80 ലക്ഷം വരുന്ന അന്തിമ റിപ്പോര്‍ട്ടും ഇവര്‍ സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. 420 ഏക്കറോളം വരുന്ന മെത്രാന്‍ കായലിന്റെ 378 ഏക്കര്‍ നിലം സ്വകാര്യ കണ്‍സോര്‍ഷ്യത്തിന്റെ ഉടമസ്ഥയിലാണ്. ഇവര്‍ക്ക് ഇവിടെ കുമരകം ഫാം ടൂറിസം പദ്ധതിക്ക് യുഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കിയത് വന്‍ വിവാദമായിരുന്നു.

NO COMMENTS

LEAVE A REPLY