കലാഭവന്‍ മണിയുടെ മരണം; സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

346

കൊച്ചി: കലാഭവന്‍ മണിയുടെ മരണത്തില്‍ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മണിയുടെ മരണം സംബന്ധിച്ച് ദുരൂഹതകളുണ്ടെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വൈരുദ്ധ്യമുണ്ടെന്നും ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഒരുമാസത്തിനകം അന്വേഷണം ഏറ്റെടുക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഈ സാഹടര്യത്തിലാണ് സിബിഐ കേസ് എടുത്തിരിക്കുന്നത്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നതെങ്കിലും ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല. എറണാകുളം സിജെഎം കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചു. ഇതിനുപിന്നാലെ കഴിഞ്ഞ ദിവസം കേസ് ഡയറി അടക്കമുള്ളവ സിബിഐ ചാലക്കുടി പൊലീസില്‍നിന്ന് ഏറ്റുവാങ്ങി. 2016 മാര്‍ച്ച് ആറാം തീയ്യതി കൊച്ചിയിലെ ആശുപത്രിയില്‍ വെച്ചാണ് കലാഭവന്‍ മണി മരിക്കുന്നത്. ചാലക്കുടി പുഴയോരത്തെ മണിയുടെ വിശ്രമകേന്ദ്രത്തില്‍ നിന്നും അബോധാവസ്ഥയിലാണ് മണിയെ സുഹൃത്തുക്കളും സഹായികളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. തുടക്കം മുതല്‍ തന്നെ മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന നിലപാടിയിലായിരുന്നു ബന്ധുക്കള്‍. മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെയും വ്യാജമദ്യത്തിന്റെയും സാന്നിധ്യം കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ടുകളും വന്നിരുന്നു. മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കള്‍ക്കും സഹായികള്‍ക്കുമെതിരെ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ സംശയമുന്നയിച്ചിരുന്നു.

NO COMMENTS

LEAVE A REPLY