വിവാദങ്ങളിൽ വിശദീകരണവുമായി സാക്കിർ നായിക്ക്

169

മുംബൈ ∙ വിവാദ വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കി സാക്കിർ നായിക്കിന്റെ വാർത്താ സമ്മേളനം. എല്ലാ തീവ്രവാദപ്രവർത്തനങ്ങളെയും അപലപിക്കുന്നുവെന്ന് പറഞ്ഞ സാക്കിർ തന്റെ പ്രസംഗങ്ങളുടെ ഉള്ളടക്കം വളച്ചൊടിച്ചാണ് വിവാദം ഉണ്ടാക്കിയതെന്നും പറഞ്ഞു. ഫ്രാൻസിലുണ്ടായ ഭീകരാക്രമണങ്ങളെ സാക്കിർ നായിക്ക് അപലപിച്ചു. ആവശ്യമെങ്കിൽ മണിക്കൂറുകളോളം സംസാരിക്കാൻ തയാറാണെന്നും പറഞ്ഞു.

തന്റെ പ്രഭാഷണങ്ങൾ സമാധാനത്തിന് വേണ്ടിയാണ്. സമാധാനത്തിന്റെ സന്ദേശവാഹകനാണ് ഞാൻ. ഇസ്‍ലാം മതം കൊലപാതകങ്ങളെ പിന്തുണയ്ക്കുന്നില്ല. ചാവേർ ആക്രമണങ്ങൾ ഹറാമാണ്. രാജ്യത്തെ രക്ഷിക്കാൻ ജീവൻ നൽകുന്നതിൽ തെറ്റില്ല. തനിക്കുള്ള ജനപ്രീതി ദുരുപയോഗിക്കാൻ ചിലർ ശ്രമിക്കുന്നു. നിഷ്കളങ്കരായ മുസ്‍ലിങ്ങളെ വഴിതെറ്റിക്കുന്നവരെ ശിക്ഷിക്കണം. ഇന്ത്യൻ അധികൃതരുമായോ പൊലീസുമായോ യാതൊരു പ്രശ്നവും ഇല്ല. സർക്കാർ ഇതുവരെ ഒരു കാര്യവും തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും സാക്കിർ പറഞ്ഞു.

സൗദി അറേബ്യയിൽ കഴിയുന്ന അദ്ദേഹം സ്കൈപ് വഴിയാണ് വാർത്താ സമ്മേളനം നടത്തിയത്. ദക്ഷിണ മുംബൈയിലെ ഒരു ഹാളിലാണ് സമ്മളനം ഒരുക്കിയത്. കഴിഞ്ഞ ദിവസങ്ങളിലും വാർത്താ സമ്മേളനം വിളിച്ചിരുന്നെങ്കിലും വേദി അനുവദിക്കാത്തതിനാൽ റദ്ദാക്കുകയായിരുന്നു.

ധാക്ക ഭീകരാക്രമണത്തിനും ഐഎസിൽ ചേരാൻ ശ്രമിച്ചെന്നു സംശയിക്കപ്പെടുന്ന മലയാളികളടക്കമുള്ളവർക്കും സാക്കിറിന്റെ പ്രസംഗങ്ങൾ പ്രേരകമായെന്നാണ് ആരോപണം. വിവിധ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു വാർത്താസമ്മേളനം. നായിക്കിന്റെ പ്രസംഗങ്ങളും സാമ്പത്തിക സ്രോതസുകളും ദേശീയ അന്വേഷണസംഘവും മുംബൈ പൊലീസും പരിശോധിച്ചുവരികയാണ്.

NO COMMENTS

LEAVE A REPLY