ആര്‍എസ്എസിന്റെ ‘ചൗക്കീദാര്‍’ മാത്രമായി പ്രധാനമന്ത്രി മാറി : രമേശ് ചെന്നിത്തല

168

തിരുവനന്തപുരം: മൂന്ന് വര്‍ഷത്തെ ഭരണം കൊണ്ട് നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തിനുണ്ടാക്കിയ മുറിവ് വളരെ വലുതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര്‍എസ്എസിന്റെ ‘ചൗക്കീദാര്‍’ മാത്രമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ സമൂഹത്തില്‍ അപകടകരവും ദൂരവ്യാപകവുമായ പ്രത്യാഘാതങ്ങളുളവാക്കിയ വര്‍ഗീയ ധ്രൂവികരണത്തിലൂടെ അധികാരത്തിലേറിയ മോദി രാജ്യത്തിന്റെ മതേതര ചട്ടക്കൂടിനെയും ബഹുസ്വര സംസ്‌കാരത്തെയും പാടെ തൂത്തെറിയാനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നതെന്നും ചെന്നിത്തല അറിയിച്ചു. ആര്‍എസ്എസിന്റെ ‘ചൗക്കീദാര്‍’ മാത്രമായി പ്രധാനമന്ത്രി മാറി. എന്ത് ഭക്ഷിക്കണം, എന്ത് ചിന്തിക്കണമെന്നൊക്കെ ഭരണകൂടം തിരുമാനിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നതും മോദിയുടെ കാലത്താണ്. ഗോവധ നിരോധനത്തിന്റെ പേര് പറഞ്ഞ് രാജ്യത്തെ സംഘര്‍ഷഭൂമിയാക്കി മാറ്റി. അതിന്റെ പേരില്‍ ദളിതരും ന്യൂനപക്ഷങ്ങളും വേട്ടയാടപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

നോട്ടുനിരോധനത്തിന്റെ പേരില്‍ രാജ്യത്തെ ജനങ്ങളെ മുഴുവന്‍ തെരുവിലേക്കിറക്കിയതും മോദിയുടെ വികലമായ നയത്തിന്റെ പ്രതിഫലനമായിരുന്നു. കള്ളപ്പണക്കാര്‍ക്കെതിരെയുള്ള പോരാട്ടം എന്ന വ്യാജേന നോട്ടു നിരോധനം വഴി സാധാരണ ജനങ്ങള്‍ക്ക് അന്തമില്ലാത്ത ദുരിതങ്ങള്‍ നല്‍കുകയായിരുന്നു മോദി സര്‍ക്കാര്‍. കുത്തകകളും കള്ളപ്പണക്കാരും മാഫിയകളും ഇതിനിടയില്‍ പോറലേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തു. സഹകരണ മേഖലയെ തകര്‍ക്കുകയും കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തെയും ജനങ്ങളെയും കൊള്ളയടിക്കാന്‍ അവസരം നല്‍കുകയും ചെയ്തു. ഒന്നും രണ്ടും യുപിഎ സര്‍ക്കാരുകള്‍ തുടങ്ങിവച്ച വികസന പ്രവര്‍ത്തനങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് നടത്താനും ഫലപ്രാപ്തിയിലെത്തിക്കാനും മോദിക്ക് കഴിഞ്ഞില്ല. ഒരുവര്‍ഷം ഒരുകോടി തൊഴില്‍ നല്‍കുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തില്‍ വന്നവര്‍ മൂന്നുവര്‍ഷംകൊണ്ട് 3.8 ലക്ഷം പേര്‍ക്ക് മാത്രമാണ് തൊഴില്‍ നല്‍കിയത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കടുത്ത തിരിച്ചടി നല്‍കാന്‍ ജനങ്ങള്‍ കാത്തിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY