കൊച്ചി; കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതികളായ സിപിഎം പ്രവര്‍ത്തകരെ വിലങ്ങുവച്ചതില് 16 പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി. എറണാകുളം സബ്ജയിലില്‍നിന്നു കൊച്ചിയിലെ സിബിഐ കോടതിയിലേക്കു പ്രതികളെ കൊണ്ടുപോയ കൊച്ചി സിറ്റി എആര്‍ ക്യാംപിലെ 15 പൊലീസുകാര്‍ക്കും ഇവരെ ഡ്യൂട്ടിക്കു നിയോഗിച്ച ഗ്രേഡ് എസ്ഐക്കുമെതിരെയാണു നടപടി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ ദിനത്തില്‍ നടന്ന സംഭവത്തില്‍ വിശദീകരണമാവശ്യപ്പെട്ട് എആര്‍ ക്യാംപ് കമന്‍ഡാന്റ് ഇവര്‍ക്കു മെമ്മോ നല്‍കിയിട്ടുണ്ട്. പൊലീസുകാര്‍ പ്രതികളെ കോടതിയിലേക്കു കൊണ്ടുപോയയുടന് തന്നെ, വിലങ്ങ് വച്ച വിവരം ഉന്നതങ്ങളില്‍ അറിഞ്ഞിരുന്നു. കോടതിയില്‍നിന്നു പ്രതികളെ തിരികെ ജയിലിലേക്ക് എത്തിക്കുന്നതിനിടെ കയ്യാമം അഴിച്ചുമാറ്റാനുള്ള ഉന്നത ഉദ്യോഗസ്ഥന്റെ നിര്‍ദേശം പൊലീസുകാര്‍ക്ക് ഫോണിലെത്തി. അപ്പോള്‍തന്നെ വാഹനം റോഡരികില്‍ നിര്‍ത്തി പൊലീസുകാര്‍ പ്രതികളുടെ കയ്യാമം അഴിച്ചു മാറ്റി. തുടര്‍ന്ന് എറണാകുളം സബ്ജയില്‍ സൂപ്രണ്ടിനു പ്രതികള്‍ പരാതി നല്കി. ഇതിനു പിന്നാലെയാണ് പ്രതികള്‍ക്ക് അകമ്പടി പോയ പൊലീസുകാര്‍ക്കെതിരെ നടപടിക്കൊരുങ്ങുന്നത്.
ഇന്നു രാവിലെയാണ് പൊലീസുകര്‍ക്ക് മെമ്മോ ലഭിച്ചത്. മനുഷ്യാവകാശ ലംഘനത്തിന്റെ സാധ്യതകള്‍ ഉണ്ടാകാതിരിക്കത്തക്കവിധം വേണമായിരുന്നു പ്രതികളെ കോടതിയിലെത്തിക്കാനെന്നും ഇക്കാര്യത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചുവെന്നും ആരോപിച്ചാണു മെമ്മോ. 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് ആവശ്യം.