തിരുവനന്തപുരം : സംഘപരിവാർ ശക്‌തികൾ രാജ്യത്തിന്റെ മതനിരപേക്ഷ മൂല്യങ്ങൾ ചവിട്ടി മെതിക്കുന്ന ആശങ്കാകുലമായ സാഹചര്യമാണുള്ളതെന്ന് ഭരണപരിഷ്‌കാര കമ്മീഷൻ അദ്ധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ പറഞ്ഞു. കേരള ഗസറ്രഡ് ഓഫീസേഴ്‌സ് അസോസിയേഷൻ എൻ.എം. മുഹമ്മദ് അലി പുരസ്‌കാരം കെ.എൻ. രവീന്ദ്രനാഥിന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. എണ്ണമറ്റ സ്വാതന്ത്ര്യ പോരാട്ടങ്ങളിലൂടെയും രക്‌തസാക്ഷിത്വങ്ങളിലൂടെയും നേടിയെടുത്ത സ്വാതന്ത്ര്യം കവർന്നെടുക്കുകയാണവർ. ബീഫ് നിരോധനം അടക്കം അടിച്ചേൽപ്പിക്കാനുള്ള ശ്രമം അതിന്റെ ഭാഗമാണ്. നമ്മുടെ സംസ്‌കാരവും ചിന്തയും ഭക്ഷണവും വസ്‌ത്രവും എല്ലാം സംഘപരിവാറിന് അടിയറവയ്‌ക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നതെന്നും വി.എസ്. അച്യുതാനന്ദൻ പറഞ്ഞു. എൻ.എം. മുഹമ്മദ് അലി രചിച്ച മന:ശാസ്‌ത്രം മനസ്സിന്റെ കാണാലോകം എന്ന പുസ്‌തകത്തിന്റെ നാലാം പതിപ്പ് ആർ.വി.ജി. മോനോന് നൽകി വി.എസ്. അച്യുതാനന്ദൻ പ്രകാശനം ചെയ്‌തു. എ.കെ രമേഷ് സ്‌മാരക പ്രഭാഷണവും എ. മീരാസാഹിബ് അനുസ്‌മരണ പ്രഭാഷണവും നടത്തി. കെ.ജി.ഒ.എ. സംസ്‌ഥാന പ്രസിഡന്റ് കെ.എം. ദിലീപ് അദ്ധ്യക്ഷനായ ചടങ്ങിൽ ടി.എസ്. രഘുലാൽ സ്വാഗതവും എ. സുഹൃത് കുമാർ നന്ദിയും പറഞ്ഞു.