തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ ഐഎംജി ഡയറക്ടറായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ടി പി സെന്‍കുമാറായിരുന്നു തൊട്ട് മുമ്പുവരെ ഐഎംജി ഡയറക്ടര്‍ സ്ഥാനത്ത്. വിജിലന്‍സ് ഡയറക്ടറായിരിക്കേ അവധിയില്‍ പോയ ജേക്കബ് തോമസ് സര്‍വീസില്‍ തിരിച്ചെത്തിയിട്ടുണ്ട്. ജേക്കബ് തോമസിന്റെ അവധി ശനിയാഴ്ച അവസാനിച്ചെങ്കിലും പുതിയ നിയമനം സംബന്ധിച്ച തീരുമാനം ഇതുവരെ ഉണ്ടായിരുന്നില്ല. രണ്ടരമാസക്കാലമായി തുടരുന്ന ജേക്കബ് തോമസിന്റെ അവധി ശനിയാഴ്ചാണ് അവസാനിച്ചത്. ജോലിയില്‍ തിരികെ വരുമ്പോള്‍ എവിടെ ചുമതലയേല്‍ക്കണമെന്ന് ചോദിച്ച് ജേക്കബ് തോമസ് കത്ത് നല്‍കിയെങ്കിലും സര്‍ക്കാര്‍ ഇതുവരെ അതിന് മറുപടി നല്‍കിയിരുന്നില്ല. ഈ മാസം അവസാനം സെന്‍കുമാര്‍ വിരമിക്കുമ്പോള്‍ ജേക്കബ് തോമസിനെ സംസ്ഥാന പോലീസ് മേധാവിയാക്കും എന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. വിജിലന്‍സ് ഡയക്ടര്‍ സ്ഥാനത്തേക്ക് ജേക്കബ് തോമസിന് വീണ്ടും വരാന്‍ താത്പര്യമില്ലെന്നാണ് സൂചന.