ന്യൂഡല്‍ഹി: സക്കീര്‍ നായക് സമാധാനത്തിന്‍റെ ദൂതനാണെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. വിവാദ ഇസ്ലാം മതപ്രഭാഷകന്‍ സക്കീര്‍ നായക്കിനെ ഇരുവരും ഒന്നിച്ച് പങ്കെടുത്ത പരിപാടിക്കിടെയാണ് സിംഗ് പുകഴ്ത്തിയത്. ഇരുവരും വേദി പങ്കിടുന്നതിന്‍റെ ദൃശ്യങ്ങള്‍ ദുബായ് ആസ്ഥാനമായുള്ള പീസ് ടിവിയാണ് പുറത്ത് വിട്ടത്. ദിഗ്വിജയ് സിംഗ് തന്‍റെ പ്രസംഗത്തിലുടനീളം സക്കീര്‍ നായക്കിനെ പുകഴ്ത്തുകയായിരുന്നു. നായക്കിന്‍റെ വാക്കുകള്‍ സമാധാനാന്തരീക്ഷം വളര്‍ത്തുന്നതിന് സഹായിക്കുന്നതാണ്. മാത്രമല്ല അവ വര്‍ഗീയതയ്ക്കെതിരെയുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാല്‍ അദ്ദേഹത്തിന്‍റെ വാക്കുകള്‍ക്ക് ജനം കാതോര്‍ക്കണമെന്നും അദ്ദേഹത്തിന് ഇന്ത്യയിലുടനീളം സഞ്ചരിക്കുവാനും പ്രഭാഷണങ്ങള്‍ നടത്തുവാനുമുള്ള അവസരം നല്‍കണമെന്നും സിംഗ് ആവശ്യപ്പെട്ടു. മാത്രമല്ല രാജ്യത്തെ ഹിന്ദു-മുസ്ലീം അന്തരം കുറക്കുന്നതിനും ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ സൗഹൃദം വര്‍ധിപ്പിക്കുന്നതിനും അദ്ദേഹത്തിന്‍റെ വാക്കുകള്‍ സഹായകരമാകുമെന്നും ദിഗ്വിജയ് സിംഗ് കൂട്ടിച്ചേര്‍ത്തു.