ന്യൂഡല്‍ഹി: ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിന്റെ 180 കോടി യുടെ സ്വത്ത് ആദായനികുതി വകുപ്പ് കണ്ടുകെട്ടി . ലാലുവിന്റെ ദേവി, മക്കളായ മിസ ഭാരതി, തേജസ്വി യാദവ്, ചന്ദ യാദവ്, രാഗിണി യാദവ്, മരുമകന് ശൈലേഷ്കുമാര്‍ യാദവ് എന്നിവര്‍ക്കെതിരെയാണ് ബിനാമി നിരോധന വകുപ്പുപ്രകാരം കേസെടുത്തിട്ടുള്ളത്. ഇതില്‍ റബ്റി ദേവി ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും മിസ ഭാരതി പാര്‍ലമെന്റ് അംഗവും തേജസ്വി യാദവ് ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമാണ്. 1000 കോടിയോളം രൂപയുടെ ബിനാമി ഭൂമി ഇടപാടുകളും നികുതിവെട്ടിപ്പും സംബന്ധിച്ച കേസില്‍ ഇവര്‍ക്കെതിരെ നേരത്തേതന്നെ ആദായ നികുതി വകുപ്പ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതുസംബന്ധിച്ച് ആറു പേര്‍ക്കും നോട്ടീസ് അയച്ച് അധികൃതര്‍ ഡല്‍ഹിയിലും പുണെയിലുമായി ഇവരുടെ പേരിലുള്ള സ്ഥലങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവ കണ്ടുകെട്ടി. 180 കോടിവരെ മതിപ്പു വിലയുള്ള ഇവക്ക് 9.32 കോടി വിലമാത്രമാണ് കാണിച്ചിരിക്കുന്നതെന്ന് ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. പട്നയിലെ ഫുല്‍വാരി ശരീഫില്‍ മാള്‍ നിര്‍മിക്കുന്നതടക്കം ഒമ്ബത് സ്ഥലങ്ങളും ഡല്‍ഹിയിലെ ആഡംബരവീട് അടക്കം വിവിധ ഫാംഹൗസുകളും കണ്ടുകെട്ടിയ സ്വത്തുക്കളില്‍പ്പെടും. രാജേഷ് കുമാര്‍ എന്നു പേരുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ പേരിലാണ് മൂവരും സ്വത്തുക്കള്‍ വാങ്ങിയതെന്നാണ് സംശയം.