റംസാന്‍ ശീലുകളുടെ വ്യത്യസ്തതയുമായി ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍

262

കൊച്ചി: റംസാന്‍ മാസത്തില്‍ മാപ്പിളപ്പാട്ടിന്റെ ഈണങ്ങളാണ് ഈ വാരം എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടന്ന ആര്‍ട്‌സ് ആന്‍ഡ് മെഡിസിനില്‍ നിറഞ്ഞു നിന്നത്. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര, കാഫ്‌സ്(കസിനോ കാറ്ററേഴ്‌സ് ആന്‍ഡ് ഫ്‌ളൈറ്റ് സര്‍വീസ്) എന്നിവയുടെ സഹകരണത്തോടെ അവതരിപ്പിച്ചു വരുന്ന സംഗീത സാന്ത്വന പരിപാടിയായ ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്റെ 175-ാമത് ലക്കമാണ് അരങ്ങേറിയത്.

ജോസ് കെ മാണി എംപി അതിഥിയായ ചടങ്ങില്‍ പ്രമുഖ ഗായകരായ ഷെഫീഖ് പെരുമ്പാവൂര്‍, ഷെബീര്‍ കൊച്ചി എന്നിവരാണ് ആര്‍ട്‌സ് ആന്‍ഡ്‌മെഡിസിന്റെ പ്രത്യേക ലക്കം അവതരിപ്പിച്ചത്. 13 ഗാനങ്ങള്‍ ഇരുവരും ചേര്‍ന്ന് ആലപിച്ചു. പതിവു സിനിമാഗാനങ്ങളില്‍ നിന്നു മാറി മാപ്പിളപ്പാട്ടിന്റെ ഈണം പരിപാടിയില്‍ നിറഞ്ഞത് ശ്രോതാക്കള്‍ക്കും വ്യത്യസ്ത അനുഭവമായി. യേശുദാസ് പാടി മാപ്പിളപ്പാട്ട് സദസ്സുകളില്‍ വമ്പന്‍ ഹിറ്റായ സംകൃത പമഗരി തങ്കത്തുങ്ക തരികിട എന്നു തുടങ്ങുന്ന ഗാനം കരഘോഷത്തോടെയാണ് സദസ്സ് സ്വീകരിച്ചത്.

മാപ്പിളഗാന വേദികളിലെ സ്ഥിരം സാന്നിദ്ധ്യമായ ഷെഫീഖ് പെരുമ്പാവൂര്‍ ടിവി പരിപാടികളിലൂടെ സുപരിചിതനാണ്. വിവിധ ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്ന ഇത്തരം പരിപാടികളിലെ ഒഴിവാക്കാനാവാത്ത സാന്നിദ്ധ്യമാണ് അദ്ദേഹം.
മഹാരാജാസ് കോളേജില്‍ നിന്ന് സംഗീത ബിരുദം നേടിയ ഷെബീര്‍ കൊച്ചി, വിനീത് ശ്രീനിവാസന്റെ ‘ഈ സ്‌നേഹതീരത്ത്’ എന്ന ആല്‍ബത്തിലൂടെയാണ് പ്രശസ്തനാകുന്നത്. ആല്‍ബത്തില്‍ പാടിയതിനൊപ്പം സംഗീത സംവിധാനവും ഷെബീര്‍ നിര്‍വഹിച്ചിരുന്നു.

NO COMMENTS