റാംനാഥ് കോവിന്ദിനെ പിന്തുണച്ച നിതീഷിനെതിരെ വിമര്‍ശനവുമായി ലാലു

196

പട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി റാം നാഥ് കോവിന്ദിനെ പിന്തുണയ്ക്കാനുള്ള നിതീഷ് കുമാറിന്റെ തീരുമാനം ചരിത്രപരമായ തെറ്റെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞു. ബിജെപിക്കെതിരെ പ്രതിപക്ഷകക്ഷികളെല്ലാം കൂടിച്ചേര്‍ന്നു രൂപീകരിച്ച മഹാഗഡ്ബന്ധന്‍ സഖ്യത്തിലെ വിള്ളലുകള്‍ വലുതാക്കിയാണ് ലാലുവിന്റെ പ്രസ്താവന. രാഷ്ട്രപതി സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് നേതാവ് മീരാ കുമാറിനെ 17 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്നു പ്രഖ്യാപിച്ചതിനുപിന്നാലെയാണ് ലാലു നിതീഷ് കുമാറിന്റെ നടപടിയോടുള്ള എതിര്‍പ്പ് വ്യക്തമാക്കി രംഗത്തെത്തിയത്.
നിതീഷ് തന്നെ വിളിച്ചു തീരുമാനം അറിയിച്ചപ്പോള്‍ അങ്ങനെ ചെയ്യരുതെന്നു ആവശ്യപ്പെട്ടു. പക്ഷേ, അദ്ദേഹം അതു കേട്ടില്ല. പ്രതിപക്ഷത്തിന്റെ ഐക്യത്തില്‍നിന്ന് അദ്ദേഹം പിന്നോട്ടുപോയെന്നും ലാലു കൂട്ടിച്ചേര്‍ത്തു. ബിഹാറില്‍ സഖ്യകക്ഷിയാണെങ്കിലും നിതീഷ് കുമാറിനെതിരെ മറ്റു ആര്‍ജെ!ഡി നേതാക്കളും പരസ്യമായി രംഗത്തെത്തിയിരുന്നു. കോവിന്ദിന് ആര്‍എസ്‌എസ് പശ്ചാത്തലമുണ്ടെന്നും തീരുമാനത്തില്‍നിന്നു നിതീഷ് കുമാര്‍ പിന്നോട്ടു പോകണമെന്നും ആര്‍ജെഡി എംഎല്‍എ ഭായ് വീരേന്ദ്ര ആവശ്യപ്പെട്ടു.

NO COMMENTS