തിരുവനന്തപുരം: കനത്ത മഴയെതുടര്‍ന്ന് ഇന്നും നാളയുമായി നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മറ്റന്നാളും അവധിയായിരിക്കും. കനത്ത മഴ കാരണം കോട്ടയം മീനച്ചില്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇടുക്കി ജില്ലയിലെ സ്കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 29ന് രാവിലെ വരെ കനത്ത മഴയ്ക് സാധ്യതയുണ്ടെന്നും മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. മഴ ശക്തമായ സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലേക്കുള്ള രാത്രിയാത്ര പരമാവധി ഒഴിവാക്കണമെന്നു പൊലീസ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കട്ടപ്പനയ്ക്കു സമീപം കാഞ്ചിയാര്‍ പഞ്ചായത്തിലെ പടുകയില്‍ രണ്ടു തവണ ഉരുള്‍പൊട്ടി. എന്നാല്‍ ആളപായം ഉണ്ടായിട്ടില്ല.