ന്യൂഡല്‍ഹി : 1962ലെ യുദ്ധത്തെക്കുറിച്ച് ഇന്ത്യ മറക്കരുതെന്ന ചൈനീസ് സൈന്യത്തിന്റെ മുന്നറിയിപ്പിന് മറുപടിയായി പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റലി. 1962ലെ ഇന്ത്യയല്ല 2017ലെ ഇന്ത്യയെന്ന ശക്തമായ മറുപടിയാണ് ജെയ്റ്റ്ലി ചൈനയ്ക്ക് നല്‍കിയത്. സിക്കിമില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷം മുറുകുന്നതിനിടെയാണ് 1962ലെ യുദ്ധത്തില്‍ നിന്ന് ഇന്ത്യ പഠിക്കണമെന്ന് ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി വക്താവ് വു ഷിയാന്‍ പ്രസ്താവിച്ചത്.
1962ലെ സാഹചര്യത്തെക്കുറിച്ചാണ് അവര്‍ക്ക് നമ്മളോട് പറയാനുള്ളതെങ്കില്‍ അന്നത്തെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ എന്ന കാര്യം മാത്രമാണ് എനിക്ക് ഓര്‍മ്മപ്പെടുത്താനുള്ളത്. ഡല്‍ഹിയില്‍ ഒരു പൊതുചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് ജെയ്റ്റലി ഇക്കാര്യം പറഞ്ഞത്. ചൈന അതിക്രമിച്ചു കയറിയത് തങ്ങളുടെ ഭൂമിയിലാണെന്നും ഇത് തെറ്റായ നടപടിയാണെന്നും ഭൂട്ടന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിലെ ഭൂട്ടാന് സര്‍ക്കാരിന്റെ പ്രസ്താവന പുറത്തു വന്നതോടെ ഇതേക്കുറിച്ചുള്ള എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമായിട്ടുണ്ട്. ഇന്ത്യയോട് ചേര്‍ന്നുള്ള ഭൂട്ടാന് പ്രദേശമാണത്. അവിടെ സുരക്ഷ നല്‍കാനുള്ള സംവിധാനങ്ങളെല്ലാം ഇന്ത്യയും ഭൂട്ടാനും ചെയ്തിട്ടുമുണ്ടെന്നും ജെയ്റ്റലി വ്യക്തമാക്കി.