പാലക്കാട് ∙ തെരുവുനായയെ കണ്ട് വെട്ടിച്ച ഓട്ടോറിക്ഷ മറിഞ്ഞ് ആറ് സ്കൂൾ വിദ്യാർഥികൾക്കും ഡ്രൈവർക്കും പരുക്ക്. മാലിന്യ അവശിഷ്ടങ്ങൾക്കിടയിൽ നിന്നു റോഡിലേക്കു ചാടിയ നായയെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ ഓട്ടോറിക്ഷ എതിരെ വന്ന പെട്ടി ഓട്ടോറിക്ഷയിലും ഇടിച്ചാണു നിന്നതെന്നു പൊലീസും ദൃക്സാക്ഷികളും പറഞ്ഞു.
തിരുനെല്ലായ്– മേഴ്സി കോളജ് റോഡിൽ കള്ളിക്കാട് വിജയപുരം കോളനിക്കു സമീപം രാവിലെ ഒൻപതരയോടെയാണ് അപകടം. വിദ്യാർഥികളുടെ പരുക്ക് ഗുരുതരമല്ല. ഇവരെ പാലന ആശുപത്രയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷ ഡ്രൈവർ വെണ്ണക്കര സ്വദേശി ഹക്കീമിന്റെ പരുക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലേക്കു കൊണ്ടുപോയി. ഹക്കീമിന്റെ മൂന്നു കുട്ടികളും ഓട്ടോറിക്ഷയിലുണ്ടായിരുന്നു.
നൂറണി ബിഇഎസ് സ്കൂൾ, അൽ ഷിഫ പ്ലേ സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്. പെട്ടി ഓട്ടോറിക്ഷയിലുണ്ടായിരുന്നവർക്കും നിസാര പരുക്കേറ്റു. നഗരത്തിൽ പലയിടത്തും മാലിന്യങ്ങൾ നീക്കം ചെയ്യുന്ന ജോലി സ്തംഭിച്ചിരിക്കുകയാണ്.
courtesy : manorama online