ചണ്ഡിഗഡ് • കൂട്ടമാനഭംഗത്തിന് ഇരയായ ദലിത് പെണ്‍കുട്ടിയെ ആ കേസിലെ പ്രതികള്‍ അടങ്ങുന്ന അക്രമിസംഘം വീണ്ടും മാനഭംഗപ്പെടുത്തി. ഹരിയാനയിലെ റോത്തക്ക് ജില്ലയിലാണ് രാജ്യത്തെ നടുക്കിയ സംഭവം.
മൂന്നുവര്‍ഷം മുന്‍പു ഭിവാനിയില്വച്ച് പെണ്‍കുട്ടിയെ മേല്‍ജാതിക്കാരായ ഒരു സംഘം യുവാക്കള്‍ പീഡിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വീട്ടുകാര്‍ റോത്തക്കിലേക്കു താമസം മാറ്റിയിരുന്നു.
ഇതിനിടെ കേസ് പിന്‍വലിക്കാന്‍ പ്രതികള്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും നടന്നില്ല. ബുധനാഴ്ച രാവിലെ കോളജില്‍ പോയ പെണ്‍കുട്ടി തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിനിടയിലാണ് സുഖ്പുര എന്ന സ്ഥലത്ത് പീഡിപ്പിക്കപ്പെട്ട നിലയില്‍ വഴിയരികില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് റോത്തക്ക് ജില്ലാ ആശുപത്രിയിലെത്തിച്ചു. കോളജ് ഗേറ്റില്‍ നിന്ന് അഞ്ചംഗ സംഘം തന്നെ കാറില്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിനോടു പറഞ്ഞു.
ഇവരുടെ പേരും പൊലീസിനു കൈമാറിയിട്ടുണ്ട്. ആദ്യകേസിലെ ജാമ്യത്തിലിറങ്ങിയ രണ്ടു പേരും മറ്റു മൂന്നു പേരുമാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. പഴയ കേസ് പിന്‍വലിക്കാന്‍ തയാറാകാത്തതിന് പ്രതികാരമായി കൂട്ടമാനഭംഗം ചെയ്യുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു.