തൃശൂര്‍: പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു. പാവറട്ടി പോലീസ് സ്റ്റേഷനിലെ സിപിഒ ശ്രീജിത്ത്, സാജന് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മാല പൊട്ടിച്ചെന്ന കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകനാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസമാണ് പാവറട്ടി പോലീസ് വിനായകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. വഴിയില്‍ പെണ്‍കുട്ടിയുമായി സംസാരിച്ചു നില്‍ക്കെ വിനായകനെ ജീപ്പില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. എന്നാല്‍ ആള് മാറിയതാണെന്ന് മനസിലായ പോലീസ് വൈകുന്നേരത്തോടെ യുവാവിനെ വിട്ടയച്ചു. ഇന്നലെ ഉച്ചയോടെയാണ് വിനായകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വിനായകനെ പോലീസ് മര്‍ദിച്ചതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു.