തിരുവനന്തപുരം∙ മന്ത്രിസഭാ തീരുമാനങ്ങൾ മറച്ചുവയ്ക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്തരവായതിനുശേഷം മാത്രമായിരിക്കും അവ പുറത്തറിയിക്കുക. എന്നാൽ മാത്രമേ വിവരാവകാശ പ്രകാരം മറുപടി ലഭിക്കുകയുള്ളൂ. വിവരാവകാശ നിയമത്തിലും പറയുന്നത് ഇപ്രകാരമാണ്. വിവരങ്ങൾ പുറത്തറിയിക്കില്ലെന്ന ആരോപണം തെറ്റിദ്ധാരണ പരത്തുന്നതാണെന്നും പിണറായി പറഞ്ഞു.
48 മണിക്കൂറിനകം മന്ത്രിസഭാ തീരുമാനങ്ങൾ ഉത്തരവായി പുറത്തിറങ്ങും. സർക്കാരിന്റെ വെബ്സൈറ്റുകളിൽ അവ ലഭ്യമാകും. മന്ത്രിസഭാ തീരുമാനങ്ങൾ നൽകുന്നതിൽ കൂടുതൽ വ്യക്തത വേണം. അതിനാലാണ് കോടതിയെ സമീപിച്ചത്. സെക്രട്ടേറിയറ്റ് മാനുവൽ ഭേദഗതി നൽകിയിട്ടുണ്ട്. നിയമം മുഴുവൻ ഉൾക്കൊണ്ടാണ് കമ്മിഷൻ ഉത്തരവിറക്കിയതെന്നു കരുതുന്നില്ലെന്നും പിണറായി പറഞ്ഞു.
ജനാധിപത്യത്തിന് അപകടകരമായ സാഹചര്യമാണെന്നു പ്രതിപക്ഷ എംഎൽഎ വി.ഡി.സതീശൻ പറഞ്ഞു. മുഖ്യമന്ത്രി വാർത്താ സമ്മേളനം വിളിക്കുന്നില്ല. മന്ത്രിസഭാ തീരുമാനങ്ങൾ അറിയിക്കുന്നില്ല. മന്ത്രിസഭാ തീരുമാനങ്ങൾ നൽകണമെന്ന കമ്മിഷൻ ഉത്തരവ് ചർച്ച ചെയ്യണം. ഭരണാധികാരിയായപ്പോൾ പിണറായിക്കു രഹസ്യങ്ങളുണ്ടായി. സർക്കാർ നിലപാട് നിയമത്തിന്റെ അന്തസത്തയ്ക്കു വിരുദ്ധമാണെന്നും സതീശൻ പറഞ്ഞു.