ബെംഗളൂരു: മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിക്ക് അനുമതിയില്ല. അതേസമയം, ആഗസ്റ്റ് ഒന്ന് മുതല്‍ ഏഴ് വരെ മാതാപിതാക്കളെ കാണാന്‍ കേരളത്തിലേക്ക് പോകാമെന്ന് ബെംഗളൂരു എന്‍ഐഎ കോടതി വ്യക്തമാക്കി. മഅ്ദനിയുടെ ഹരജി കഴിഞ്ഞ ദിവസം പരിഗണനക്കെടുത്തപ്പോള്‍ കര്‍ണാടക സര്‍ക്കാറിന്റെ പബ്ലിക്പ്രോസിക്യൂട്ടര്‍ മഅ്ദനിയുടെ അപേക്ഷയെ ശക്തമായി എതിര്‍ത്തിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് പ്രോസിക്യൂട്ടര്‍ വാദിച്ചു. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ രോഗിയായ ഉമ്മയെ കാണാന്‍ പോകുന്ന കാര്യം പരിഗണിക്കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ആഗസ്റ്റ് ഒന്നു മുതല്‍ 20 വരെ നാട്ടിലേക്ക് പോകാന്‍ അനുവദിക്കണമെന്നാണ് അപേക്ഷയില്‍ മഅ്ദനി ആവശ്യപ്പെട്ടിരിക്കുന്നത്. അപേക്ഷയില്‍ കര്‍ണാടക സര്‍ക്കാറിന്റെ അഭിപ്രായം കോടതി തേടിയിരുന്നു. തുടര്‍ന്നാണ് മഅ്ദനിയുടെ ആവശ്യത്തെ എതിര്‍ക്കുന്ന സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചത്. മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനെന്ന വ്യാജേന കേരളത്തില്‍ ചുറ്റിക്കറങ്ങാനാണ് മഅ്ദനി പോകുന്നതെന്നും, ഇത് അംഗീകരിക്കാനാകില്ലെന്നുമാണ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. വിവാഹത്തിന് പോകണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് സര്‍ക്കാര്‍ തീര്‍ത്തുപറഞ്ഞിട്ടുണ്ട്. ആഗസ്റ്റ് ഒമ്ബതിന് തലശേരി ടൗണ്‍ഹാളിലാണ് മകന്റെ വിവാഹം.അസുഖബാധിതയായ മാതാവിനെ കാണാന്‍ രണ്ട് ദിവസം മാത്രം അനുവദിക്കാമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. അബ്ദുനാസര്‍ മഅ്ദനിക്ക് വേണ്ടി പ്രമുഖ അഭിഭാഷകരായ ടോണി സെബാസ്റ്റ്യന്‍, പി ഉസ്മാന്‍ എന്നിവരാണ് കോടതിയില്‍ ഹാജരായത്. ബെംഗളൂരു സ്ഫോടനക്കേസില്‍ ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് മഅ്ദനി ബെംഗളൂരു ലാല്‍ബാഗ് സഹായ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്ഫോടന കേസില്‍ 31ാം പ്രതിയാണ് മഅ്ദനി.