ന്യൂഡല്‍ഹി: മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പിഡിപി ചെയര്മാന് അബ്ദുന്നാസര്‍ മഅ്ദനിക്ക് അനുമതി. ഓഗസ്റ്റ് ഏഴ് മുതല്‍ 14 വരെ കേരളത്തില്‍ താമസിക്കാന്‍ സുപ്രീം കോടതി അനുമതി നല്കി. ഓഗസ്റ്റ് ഒമ്പതിന് തലശ്ശേരിയില്‍ വെച്ചാണ് മകന്റെ വിവാഹം. മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ടാണ് മഅ്ദനി സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ എസ് എ ബോഡ്ബെ, നാഗേശ്വര്‍ റാവു എന്നിവരടങ്ങിയ ബഞ്ചാണ് ഹരജി പരിഗണിച്ചത്. മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി കേരളത്തിലേക്ക് വരുന്നതിന് ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് മഅ്ദനി സമര്‍പ്പിച്ച ഹരജി കേസില്‍ വിചാരണ നടക്കുന്ന ബെംഗളൂരു എന്‍ ഐ എ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
അതേസമയം, അസുഖബാധിതതയായി കഴിയുന്ന മാതാവിനെ കാണുന്നതിന് മഅ്ദനിക്ക് കേരളത്തിലെത്താന്‍ കോടതി അനുമതി നല്‍കിയിരുന്നു. പക്ഷാഘാതം ബാധിച്ച പിതാവ് അബ്ദുസ്സമദിനെ കാണണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പിതാവിന്റെ രോഗം വ്യക്തമാക്കുന്ന ചികിത്സാ രേഖകള്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് പറഞ്ഞ് കോടതി ഇത് നിഷേധിക്കുകയായിരുന്നു.
പിതാവിനെ കാണാനും മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനും അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് മഅ്ദനി സുപ്രീം കോടതിയെ സമീപിച്ചത്. 2013 മാര്‍ച്ച് പത്തിന് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നുവെന്നും ഹരജിയില്‍ മഅ്ദനിയുടെ അഭിഭാഷകന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.