സന ഫാത്തിമയെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു

253

രാജപുരം: പാണത്തൂരില്‍ വീട്ടുമുറ്റത്തുവെച്ച്‌ കാണാതായ നാലുവയസുകാരിയെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ജില്ലാ പോലീസ് േമധാവി കെ.ജി.സൈമണാണ് പ്രത്യേക അന്വേഷണസംഘത്തെ പ്രഖ്യാപിച്ചത്. പെണ്‍കുട്ടിയെ ഓവുചാലില്‍ വീണു കാണാതായതാണോ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോയെന്ന് വ്യക്തമല്ല. സനയെ കണ്ടെത്താന്‍ ഇന്ന് സംസ്ഥാന ദുരന്തനിവാരണ സേനയിലെ വിദഗ്ധരെത്തുമെന്നു ജില്ലാ കലക്ടര്‍ കെ.ജീവന്‍ബാബു പറഞ്ഞു. രാവിലെ പാണത്തൂരിലെത്തുന്ന സംഘം ഓവുചാലില്‍ കൂടി കുട്ടി ഒഴുകിപ്പോയി എന്നു പറയുന്ന ബാപ്പുങ്കയം പുഴയില്‍ സ്കൂബ് ക്യാമറ ഉപയോഗിച്ചു പരിശോധന നടത്തും.

അതിനിടെ, സനയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെയും നാട്ടുകാരുടെയും സംശയത്തെത്തുടര്‍ന്ന് നീലേശ്വരത്ത് താമസിച്ച്‌ പാഴ്വസ്തുക്കള്‍ ശേഖരിക്കുന്ന നാലംഗ വനിതാ നാടോടിസംഘത്തെ പോലീസ് ചോദ്യംചെയ്തു.
വെള്ളരിക്കുണ്ട് ഇന്‍സ്പെക്ടര്‍ എം.സുനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. നിരപരാധികളാണെന്ന് കണ്ടെത്തിയ ഇവരെ പിന്നീട് വിട്ടയച്ചു. നാടോടികളെ കേന്ദ്രീകരിച്ചും പുഴയിലും തിരച്ചില്‍ നടക്കുന്നതിനൊപ്പം കഴിഞ്ഞ രണ്ടുദിവസമായി അയല്‍വാസികളുടെ വീടുകളിലും പരിസരങ്ങളിലും പോലീസ് കര്‍ശനപരിശോധനയും നടത്തുന്നുണ്ട്.

വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയാണ് പാണത്തൂര്‍ ബാപ്പുങ്കയത്തെ വീട്ടുമുറ്റത്തുനിന്നു സന ഫാത്തിമയെ കാണാതാകുന്നത്. ശക്തമായ മഴയില്‍ മുറ്റത്തെ ഓവുചാലില്‍ നിറയെ വെള്ളമായിരുന്നു. കുട്ടിയുടെ കുടയും ചെരിപ്പും ഓവുചാലിനു സമീപത്തുനിന്നു കണ്ടതിനാലാണ് കുട്ടി ഓവുചാലില്‍ വീണ് ഒഴുകിപ്പോയതായിരിക്കാമെന്ന് പൊലീസ് പറയുന്നത്. മറ്റു രീതിയില്‍ കാണാതാകാന്‍ സാധ്യതയില്ലെന്നും പൊലീസ് കരുതുന്നു. പുഴയില്‍ മൂന്നു ദിവസം അഗ്നിശമന സേനയും രണ്ടു ദിവസം നീലേശ്വരം തീരരക്ഷാ സേനയും തിരച്ചില്‍ നടത്തിയെങ്കിലും സൂചനകള്‍ ലഭിച്ചിട്ടില്ല. ഇതോടെയാണ് സംസ്ഥാന ദുരന്തനിവാരണ സേനയിലെ വിദഗ്ധരുടെ സേവനം ആവശ്യപ്പെട്ടത്. പി.കരുണാകരന്‍ എംപി ഇന്നലെ സന ഫാത്തിമയുടെ വീട്ടിലെത്തി സര്‍ക്കാരിന്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

NO COMMENTS