ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പ് : വോട്ടെണ്ണല്‍ ഉടന്‍ തുടങ്ങുമെന്ന് ബിജെപി

264

ന്യൂഡല്‍ഹി: ഗുജറാത്ത് രാജ്യസഭാ സീറ്റുകളിലേയ്ക്കു നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ധനമന്ത്രി അരുണ്‍ജെയ്റ്റ്ലിയും, നിയമമന്ത്രി രവിശങ്കര്‍ പ്രസാദുമടക്കമുള്ളഴര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായാല്‍ ആര്‍ക്കും തിരഞ്ഞെടുപ്പില്‍ ഇടപെടാനാകില്ലെന്ന് സംഘം തിരഞ്ഞെടുപ്പ് കമ്മീഷനോട് വ്യക്തമാക്കി. കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബാലറ്റ് പേപ്പര്‍ ഉയര്‍ത്തിക്കാണിച്ചെന്ന കോണ്‍ഗ്രസിന്റെ പരാതി പരാജയ ഭീതിമൂലമാണെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് വേണമെങ്കില്‍ കോടതിയെ സമീപിക്കാമെന്നും നേതാക്കള്‍ വ്യക്തമാക്കി. പരാതി പരിശോധിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഡല്‍ഹിയില്‍ പ്രത്യേകയോഗം ചേരുകയാണ്. ഡല്‍ഹിയില്‍നിന്നുള്ള തീരുമാനം അനുസരിച്ചായിരിക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രവര്‍ത്തിക്കുക. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പരാതിയുമായി നേരിട്ടു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചതായും അറിയുന്നു.

182 അംഗ നിയമസഭയില്‍ നിലവിലുള്ള 176 എംഎല്‍എമാരും വോട്ടു രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് ഉച്ചകഴിഞ്ഞു രണ്ടരയോടെ അവസാനിച്ചു. അമിത് ഷായും സ്മൃതിയും വിജയമുറപ്പിച്ച തിരഞ്ഞെടുപ്പില്‍ അഹമ്മദ് പട്ടേലിന്റെ ഫലത്തിലാണ് ആകാംക്ഷ നിലനില്‍ക്കുന്നത്. അഹമ്മദ് പട്ടേലിന് ജയിക്കാന്‍ 45 വോട്ടാണ് വേണ്ടത്. വോട്ടെടുപ്പു പൂര്‍ത്തിയായതോടെ വിജയം ഉറപ്പാണെന്ന അവകാശ വാദവുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി. 47 വോട്ടുകള്‍ നേടി അഹമ്മദ് പട്ടേല്‍ രാജ്യസഭയിലെത്തുമെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ട് അവകാശപ്പെട്ടു. അതേസമയം, ബിജെപിയുടെ മൂന്ന് സ്ഥാനാര്‍ഥികളും നിഷ്പ്രയാസം ജയിക്കുമെന്ന് ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കൂടിയായ ആനന്ദിബെന്‍ പട്ടേലും അവകാശപ്പെട്ടു.

NO COMMENTS