തിരുവനന്തപുരം∙ തനിക്കെതിരെയുള്ള അഡ്വ.എം.കെ.ദാമോദരന്റെ ആരോപണം പുച്ഛിച്ചു തള്ളുവെന്നു വി.എസ്.അച്യുതാനന്ദൻ. അങ്ങാടിയിൽ തോറ്റതിനു അമ്മയോടെന്നപോലെയാണ് ദാമോദരന്റെ പ്രതികരണം. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഹൈക്കോടതിയിൽ കേസ് നൽകിയതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനത്തുനിന്നും ദാമോദരൻ പിന്മാറിയതെന്നും വിഎസ് ആരോപിച്ചു.
സുശീല ഭട്ട് നല്ല അഭിഭാഷകയാണ്. സർക്കാർ താൽപര്യങ്ങൾ സംരക്ഷിക്കുന്ന രീതിയിലാണ് പ്രവർത്തിച്ചിട്ടുള്ളത്. അതുകൊണ്ടാണു മുഖ്യമന്ത്രിക്കു കത്തു നൽകിയതെന്നും വിഎസ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനം ഏറ്റെടുക്കാതിരിക്കാൻ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നു ദാമോദരൻ പറഞ്ഞിരുന്നു. വ്യക്തിഹത്യ നടത്താൻ ശ്രമമുണ്ടായി. ഐസ്ക്രീം പാർലർ കേസിൽ വിഎസിന്റെ ഹർജി ഹൈക്കോടതി തള്ളിയതിനു ശേഷമാണു തനിക്കെതിരെ സംഘടിത ശ്രമമുണ്ടായത്. വിധിയുണ്ടാകും വരെ നിയമോപദേശകനായി തന്നെ നിയമിച്ചതിനെ ആരും എതിർത്തിരുന്നില്ല. എന്നാൽ വിധി വന്നു മണിക്കൂറുകൾക്കകം കാര്യങ്ങൾ മാറിമറിഞ്ഞു. ഇതിനുപിന്നിൽ ആരെന്നു ഇപ്പോൾ പറയുന്നില്ലെന്നും ദാമോദരൻ പറഞ്ഞിരുന്നു.
alt text×