തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കും പി.വി അന്‍വര്‍ എംഎല്‍എക്കുമെതിരെയുള്ള ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന് ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് വിഎസ് കത്തുനല്‍കി.
നേരത്തെ തോമസ് ചാണ്ടിക്കും പി.വി അന്‍വറിനുമെതിരായ ആരോപണത്തില്‍ പ്രതികരണവുമായി റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും രംഗത്തെത്തിയിരുന്നു. ഭൂമി കൈയ്യേറ്റം തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്ന് ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി. രണ്ട് സംഭവങ്ങളിലും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ കോഴിക്കോട് കളക്ടര്‍മാരോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ മുന്‍വിധികളില്ലെന്നും നിയമലംഘനം കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആലപ്പുഴ കുട്ടനാട്ടില്‍ സ്ഥിതി ചെയ്യുന്ന മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ട് കായല്‍ കൈയേറ്റം നടത്തിയെന്നാണ് ആരോപണം. പി.വി അന്‍വറിന്റെ ഉടമസ്ഥതയില്‍ കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്ക് നിയമലംഘനം നടത്തി നിര്‍മിച്ചതാണെന്നാണ് ആരോപണം. മലനീകരണ നിയന്ത്രണ ബോര്‍ഡ് പിവി അന്‍വറിന്റെ പാര്‍ക്കിനുള്ള അനുമതി നേരത്തെ നിഷേധിച്ചിരുന്നു. എന്നാല്‍ കൂടരഞ്ഞി പഞ്ചായത്ത് ഭരണസമിതി പാര്‍ക്കിനുള്ള റദ്ദാക്കിയിരുന്നില്ല.
അതേസമയം ആരോപണങ്ങളെല്ലാം തള്ളി മന്ത്രി തോമസ് ചാണ്ടിയും, പിവി അന്‍വര്‍ എംഎല്‍എയും രംഗത്തെത്തിയിരുന്നു. ആരോപണം തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തുമെന്ന് മന്ത്രി തോമസ് ചാണ്ടി പറഞ്ഞു.