തിരുവനന്തപുരം∙കെ.ബാബുവിനെതിരെ കേസെടുക്കാൻ വിജിലൻസ് ശുപാർശ. വിജിലൻസ് പ്രാഥമികാന്വേഷണത്തിനു ശേഷമാണു നടപടി. ബാർ ലൈസൻസ് അനുവദിച്ചതിലെ ക്രമക്കേടിലാണു കേസ്. നിയമവശങ്ങൾ പരിശോധിച്ചശേഷം കേസെടുക്കുന്നതിനെക്കുറിച്ചു വിജിലൻസ് ഡയറക്ടർ തീരുമാനിക്കും.
ബാബുവിനെതിരെ ത്വരിത പരിശോധന നടത്താൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഉത്തരവിട്ടിരുന്നു. മുൻ സർക്കാർ ബാർ ലൈസൻസ് അനുവദിച്ചതിലെ ക്രമക്കേടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ബാർ ഹോട്ടലുടമകൾ നൽകിയ പരാതിയിലാണ് അന്വേഷണം. ബാർ ലൈസൻസ് അനുമതി, ചട്ടഭേദഗതി, മദ്യനയ രൂപീകരണം എന്നിവയിലെല്ലാം അഴിമതിയുണ്ടെന്നാരോപിച്ചു കേരള ബാർ ഹോട്ടൽ ഇൻഡസ്ട്രീസ് അസോസിയേഷൻ ഭാരവാഹി വി.എൻ.രാധാകൃഷ്ണനാണു പരാതി നൽകിയത്. ഇഷ്ടക്കാർക്കു ബാർ ലൈസൻസ് നൽകാൻ ബാബു ഇടപെട്ടെന്നും ബാർ ലൈസൻസ് നൽകാനുള്ള അധികാരം എക്‌സൈസ് കമ്മിഷണറിൽ നിന്നു മാറ്റിയത് അഴിമതിക്കു കളമൊരുക്കാനായിരുന്നെന്നാണു പരാതിയിലെ ആരോപണം.
പരാതിയിൽ എത്രയും വേഗം അന്വേഷണം പൂർത്തിയാക്കാനാണു വിജിലൻസ് മധ്യമേഖലാ എസ്പിയോടു ജേക്കബ് തോമസ് ആവശ്യപ്പെട്ടത്. ബാർ ലൈസൻസ് നൽകുന്നതിൽ ബാബു അഴിമതി കാണിച്ചുവെന്ന ആരോപണത്തിൽ രണ്ടാമത്തെ അന്വേഷണമായിരുന്നു ഇത്. ബാർ ഓണേഴ്‌സ് അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ബിജു രമേശിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ എറണാകുളം എസ്പി ആയിരുന്ന നിശാന്തിനി നടത്തിയ അന്വേഷണത്തിൽ ബാബുവിനെ കുറ്റവിമുക്തനാക്കിയിരുന്നു.