മംഗളൂരു വിമാനത്താവളത്തിൽ കഞ്ചാവ് വേട്ട

194

കാസർകോട് ∙ മംഗളൂരു വിമാനത്താവളത്തിൽ കഞ്ചാവ് വേട്ട. ദുബായിലേക്ക് കടത്താൻ ശ്രമിച്ച 6.8 കിലോഗ്രാം കഞ്ചാവ് പിടികൂടി, കാസർകോട് സ്വദേശി അറസ്റ്റിൽ. കാ‍ഞ്ഞങ്ങാട് പടന്നക്കാട് സ്വദേശി റിയാസ് ( 26 ) ആണ് ഇന്നലെ മംഗളൂരു ബജ്പെ വിമാനത്താവളത്തിൽ പരിശോധനകൾക്കിടെ പിടിയിലായത്.

ഇയാളെ ബജ്പെ പൊലീസ് കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്തു. ഇന്നലെ വൈകിട്ടാണ് സംഭവം. ദുബായിലേക്കുള്ള എയർഇന്ത്യയുടെ ഐഎക്സ് 813 വിമാനത്തിൽ കഞ്ചാവ് കടത്തനായിരുന്നു ശ്രമം. ലഗേജിനുള്ളിൽ മൂന്ന് പ്ലാസ്റ്റിക് കവറുകളിൽ സുരക്ഷിതമായി പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്. എയർഇന്ത്യ വിമാനകമ്പനി അധികൃതർ നടത്തിയ പരിശോധനയിൽ സംശയ്സ്പദമായി സാഹചര്യത്തിൽ പൊതികൾ കണ്ടെടുത്തു. ഭക്ഷ്യവസ്തുക്കളാണെന്നാണ് ഇയാൾ ആദ്യം പറഞ്ഞത്. തുടർന്ന് വിശദമായ പരിശോധനയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.

കാസർകോട് ബേക്കൽ സ്വദേശിയായ സുഹൃത്ത് ദുബായിലേക്ക് കൊണ്ടു പോകാൻ ഏൽപ്പിച്ചതാണ് പൊതികളെന്നും ഇതിൽ കഞ്ചാവാണെന്ന് അറിഞ്ഞില്ലെന്നുമാണ് പ്രതി എയർഇന്ത്യ അധികൃതരോട് പറഞ്ഞത്. തുടർന്ന് ഇയാളെ മംഗളൂരു ബജ്പെ പൊലീസിന് കൈമാറി. പ്രതി നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ കാസർകോട് ബേക്കൽ, കാഞ്ഞങ്ങാട് പൊലീസിന് വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്ന് ബജ്പെ പൊലീസ് അറിയിച്ചു. ഇത്ര വലിയ അളവ് കഞ്ചാവ് പ്രതിയുടെ കയ്യിലെത്തിയതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

NO COMMENTS

LEAVE A REPLY