പട്ന: ബിഹാറിന് 500 കോടി രൂപ കേന്ദ്ര സഹായം. പ്രളയ ബാധിത പ്രദേശങ്ങളില്‍ ഹെലികോപ്റ്ററില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു. പ്രധാനമന്ത്രിയാണു സഹായം പ്രഖ്യാപിച്ചത്. പ്രളയം ഏറ്റവും അധികം ബാധിച്ച സീമാന്‍ചല്‍ മേഖലയിലെ കിഷന്‍ഗഞ്ച്, പുര്‍നിയ, കത്തിഹര്‍, ആരാരിയ ജിലകളിലൂടെയായിരുന്നു ആകാശ പര്യടനം. അന്‍പതു മിനിറ്റോളമെടുത്താണ് മോദി പ്രളയ സ്ഥലങ്ങള്‍ കണ്ടത്. രാവിലെ ബിഹാറിലെ പുര്ണിയയിലെത്തിയ മോദിയെ നിതീഷ് കുമാറും സുഷീല്‍ മോദിയും മറ്റ് മുതിര്‍ന്ന നേതാക്കളും ചേര്‍ന്നു സ്വീകരിച്ചു. പ്രളയ സാഹചര്യം വിലയിരുത്തുന്ന ഉന്നതതല യോഗത്തിലും മോദി പങ്കെടുത്തു. കേന്ദ്രത്തിന്റെ എല്ലാവിധ പിന്തുണയും സഹായവും മോദി വാഗ്ദാനം ചെയ്തു. കൃഷിനാശത്തെക്കുറിച്ചു മനസ്സിലാക്കി ഇന്‍ഷുറന്‍സ് കോംപെന്‍സേഷന്‍ നല്‍കണമെന്ന് കമ്ബനികളോട് മോദി ആവശ്യപ്പെട്ടു.