ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തെ സിബിഐ വീണ്ടും ചോദ്യം ചെയ്തു. രണ്ടാം തവണയാണ് കാര്‍ത്തി ചോദ്യംചെയ്യലിനു ഹാജരാകുന്നത്. രാവിലെ 10.30 ഓടെ കാര്‍ത്തി ചിദംബരം ലോധി റോഡിലുള്ള സിബിഐ ആസ്ഥാനത്തെത്തി. 100 ചോദ്യങ്ങള്‍ ഉള്‍പ്പെട്ട ചോദ്യാവലിയുമായാണ്സിബിഐ കാര്‍ത്തിയെ ചോദ്യം ചെയ്തത്. ചിദംബരം ധനമന്ത്രി ആയിരുന്നപ്പോള്‍ ഐഎന്‍എക്സ് മീഡിയ ഗ്രൂപ്പിന് മൌറീഷ്യസില് നിന്നു നിക്ഷേപം സ്വീകരിക്കാന്‍ വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി നേടിക്കൊടുത്തതുമായി ബന്ധപ്പെട്ട കേസാണ് സിബിഐ അന്വേഷിക്കുന്നത്. സുപ്രീംകോടതി നിര്‍ദേശപ്രകാരം ആഗസ്റ്റ് 23 നും കാര്‍ത്തി സിബിഐക്ക് മുന്നില്‍ ഹാജരായിരുന്നു. അന്ന് എട്ടുമണിക്കൂറോളം കാര്‍ത്തിയെ ചോദ്യം ചെയ്തിരുന്നു.