ലഡാക്ക്∙ ചൈനയിൽ നിന്നുള്ള ഭീഷണിയെ നേരിടാൻ കാരക്കോറം പാസ് മുതൽ വടക്ക് ഇന്ത്യ – ചൈന അതിർത്തി വരെ ഇന്ത്യൻ സൈന്യം വൻതോതിൽ സന്നാഹമൊരുക്കുന്നു. സൈനികരുടെ എണ്ണത്തിലും വർധന വരുത്തിയിട്ടുണ്ട്. വരുംമാസങ്ങളിൽ ആയുധവ്യൂഹത്തിലും സൈനികരുടെ എണ്ണത്തിലും വർധന വരുത്താനാണ് തീരുമാനം. അതിർത്തിയിൽ ഇന്ത്യ സാന്നിധ്യം ഉറപ്പിച്ചുകൊണ്ടിരിക്കെ ചൈനീസ് സൈന്യവുമായുള്ള ഉരസലുകളും വർധിച്ചിട്ടുണ്ട്.
ടാങ്കുകളും യന്ത്രവൽകൃത ഉപകരണങ്ങളും അതിർത്തിയിലെത്തിയിട്ടുണ്ട്. 1962ലെ യുദ്ധസമയത്ത് ഉള്ളതിനേക്കാളധികം ആയുധവ്യൂഹമാണ് ഇപ്പോൾ അതിർത്തിയിലുള്ളത്. നിലവിലെ സാഹചര്യമനുസരിച്ച് ചൈനയ്ക്ക് എപ്പോൾ വേണമെങ്കിലും 60,000 മുതൽ 80,000 വരെ സൈനികരെ ഇന്ത്യയിലേക്ക് ആക്രമണത്തിന് അയയ്ക്കാം. 1962നുശേഷം നാലു പതിറ്റാണ്ടായപ്പോഴും ചൈനീസ് അതിർത്തിയിൽ കാര്യമായ നിർമാണ പ്രവർത്തനങ്ങളൊന്നും ഇന്ത്യ നടത്തിയിരുന്നില്ല. അതിർത്തി സംരക്ഷിക്കുന്നത് ഇന്തോ – ടിബറ്റൻ അതിർത്തി പൊലീസുമായിരുന്നു.
എന്നാൽ 2005ൽ അന്നത്തെ വിദേശ സെക്രട്ടറി ശ്യാം ശരൺ അതിർത്തിയിൽ സാന്നിധ്യം ശക്തമാക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി. തുടർന്ന് ഇന്ത്യ അതിനുള്ള നടപടിക്രമങ്ങൾ തുടങ്ങി.
2012ൽ ലഡാക്കിൽ ചൈനീസ് അതിർത്തിയിൽ ഇന്ത്യ കൂടുതൽ സേനയെ വിന്യസിച്ചു. നിർമാണ പ്രവർത്തനങ്ങളും നടത്തിപ്പോരുന്നുണ്ട്. ചൈന നേരത്തേ മുതൽ അതിർത്തിയിലെ സൈനിക സാന്നിധ്യവും നിർമാണ പ്രവർത്തനങ്ങളും വർധിപ്പിക്കുന്നുണ്ടായിരുന്നു.
അതേസമയം, അതിർത്തിയിൽ ഇന്ത്യന്‍ സേനാവിന്യാസം വർധിക്കുന്നത് ഇന്ത്യ – ചൈന ബന്ധത്തെ ബാധിക്കുമെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലേക്കുള്ള ചൈനീസ് നിക്ഷേപത്തെ അതു ബാധിക്കും. തെറ്റിദ്ധാരണകളെ നീക്കാൻ ഇരുകൂട്ടരും സംയുക്തമായി ശ്രമിക്കണമെന്നും ഗ്ലോബൽ ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു