കൊച്ചി∙ മാധ്യമങ്ങൾക്ക് അനുകൂലമായി നിലപാടെടുത്ത അഭിഭാഷകർക്കെതിരെ അച്ചടക്കനടപടിയുമായി ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ രംഗത്ത്. അസോസിയേഷനെതിരെ മാധ്യമങ്ങളിൽ നിലപാടെടുത്ത ആറുപേർക്കെതിരെയാണ് നടപടി. എസ്.ജയശങ്കർ, സെബാസ്റ്റ്യൻ പോൾ, കാളീശ്വരം രാജ്, ശിവൻ മഠത്തിൽ, സി.പി.ഉദയഭാനു, സി.വി.നന്ദഗോപാൽ എന്നിവർക്കെതിരെയാണ് നടപടിയെടുക്കുക.
പൊതുസ്ഥലത്തു സ്ത്രീകളോടു മോശമായി പെരുമാറിയെന്ന ആരോപണം നേരിടുന്ന ഗവ. പ്ലീഡറെ സംബന്ധിക്കുന്ന വാർത്ത നൽകിയതോടെയാണ് അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിലുള്ള പ്രശ്നങ്ങളുടെ തുടക്കം. രണ്ടു ദിവസമായി ഹൈക്കോടതിയിലും തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലുമായി അഭിഭാഷകർ മാധ്യമപ്രവർത്തകരെ ആക്രമിച്ചു. ക്യാമറകൾ തല്ലിത്തകർക്കുകയും വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വഴിയാത്രക്കാരടക്കമുള്ളവർക്ക് ആക്രമണത്തിൽ പരുക്കേൽക്കുകയും ചെയ്തു.