മാധ്യമ പ്രവർത്തകരുടെ സ്വാതന്ത്ര്യവും അവസരവും സംരക്ഷിക്കപ്പെടേണ്ടതാണെന്നു ലോയേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി അഡ്വ. ബി.രാജേന്ദ്രൻ

191

കൊച്ചി∙ ഹൈക്കോടതി നടപടികൾ ജനങ്ങളെ അറിയിക്കാനുള്ള മാധ്യമ പ്രവർത്തകരുടെ സ്വാതന്ത്ര്യവും അവസരവും സംരക്ഷിക്കപ്പെടേണ്ടതാണെന്നു ലോയേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി അഡ്വ. ബി.രാജേന്ദ്രൻ. അഭിഭാഷകവൃത്തിയിൽ ചില തെറ്റായ പ്രവണതകളുള്ളവർ ഉണ്ട്. പ്രത്യേകിച്ചും ചില യുവ അഭിഭാഷകർ അവർ വഹിക്കുന്ന സ്ഥാനത്തിന്റെ മഹത്വവും യശസും വിസ്മരിച്ചു പ്രവർത്തിക്കുകയാണ്. അഭിഭാഷകരുടെ ഭാഗത്തെ പ്രശ്നങ്ങൾക്കു പരിഹാരം കാണാനുള്ള ഇടപെടൽ ലോയേഴ്സ് യൂണിയൻ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

മുൻ സർക്കാർ നിയമിച്ച ഗവ.പ്ലീഡർക്കെതിരെ ആക്ഷേപകരമായ കുറ്റം ഉയരുകയും അതിന്റെ പേരിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുള്ളതാണ്. അതിന്റെ നിജസ്ഥിതി ബന്ധപ്പെട്ട അന്വേഷണ ഏജൻസികൾ കണ്ടെത്തണം. അതിന്റെ പേരിൽ ചില ബാഹ്യ ശക്തികൾ ദുഷ്ടലാക്കോടുകൂടി കഴിഞ്ഞ രണ്ടു ദിവസമായി മാധ്യമപ്രവർത്തകരുടെയും അഭിഭാഷകരുടെയും ഇടയിൽ ഇടപെട്ടുകൊണ്ടു പ്രശ്നങ്ങളെ പർവ്വതീകരിക്കാനും അതു വഷളാക്കാനും ശ്രമിക്കുകയാണ്.

അതീവ സുരക്ഷാ മേഖലയായിട്ടുള്ള ഹൈക്കോടതിയുടെ മുൻവശം വരെ പ്രകടനം നടത്തുവാനും സംഘർഷത്തിനിടയാക്കിയതും തുടർന്നു ലാത്തിച്ചാർജിന് ഇടയാക്കിയതുമായ സാഹചര്യം ജുഡീഷ്യൽ കമ്മീഷൻ പരിശോധിക്കണം. മുഖ്യമന്ത്രിയും അഡ്വക്കേറ്റ് ജനറലും ഇടപെട്ട് ജുഡീഷ്യൽ അന്വേഷണവും മറ്റു ഫലപ്രദമായ നടപടികളും നടത്തുവാനുള്ള സംവിധാനങ്ങൾ ഒരുക്കിയിരിക്കുകയാണ്. അതു പരിഗണിച്ച് ഇനിയുള്ള ദിവസങ്ങളിൽ കോടതികളുടെ പ്രവർത്തനം തടസ്സപ്പെടാൻ ഇടയാക്കരുത്. കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിഞ്ഞ് അഭിഭാഷകരും മാധ്യമപ്രവർത്തകരും സൗഹാർദ്ദപരമായ അന്തരീക്ഷത്തിൽ തുടർന്നു പ്രവർത്തിക്കണമെന്നും രാജേന്ദ്രൻ പറഞ്ഞു.

NO COMMENTS

LEAVE A REPLY