കോണ്‍ഗ്രസ് പാര്‍ട്ടിയെ ജനങ്ങളില്‍ നിന്ന് അകറ്റിയത് ധാര്‍ഷ്ഠ്യ മനോഭാവമാണെന്ന് രാഹുല്‍ ഗാന്ധി

257

വാഷിംഗ്ടണ്‍: കോണ്‍ഗ്രസ് പാര്‍ട്ടിയെ ജനങ്ങളില്‍ നിന്ന് അകറ്റിയത് ധാര്‍ഷ്ഠ്യ മനോഭാവമാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുവാക്കളുടെയും മുതിര്‍ന്നവരുടെയും കൂട്ടായ്മയാണ് കോണ്‍ഗ്രസ്. യുവാക്കളെ മുന്‍നിരയില്‍ എത്തിക്കുകയാണ് തന്റെ ലക്ഷ്യം. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും രാഹുല്‍ സൂചന നല്‍കി. വീഴ്ചകള്‍ തിരുത്തി പാര്‍ട്ടി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാഴ്ചത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി കാലിഫോര്‍ണിയയില്‍ എത്തിയ അദ്ദേഹം വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു.

മോഡി അധികാരത്തില്‍ വന്നതോടെ സംഘര്‍ഷം ഇന്ത്യയുടെ മുഖ്യധാരയിലേക്ക് വരുന്നതാണ് കാണാന്‍ കഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത് അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കുക. അക്രമ രാഷ്ട്രീയത്തിന്റെ അപകടങ്ങള്‍ അനുഭവിച്ചയാളാണ് താന്‍. അക്രമരാഷ്ട്രീയത്തില്‍ മുത്തശ്ശിയേയും പിതാവിനെയും നഷ്ടപ്പെട്ടയാളാണ് താനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നരേന്ദ്ര മോഡി മികച്ച പ്രഭാഷകനാണെന്നും അതുകൊണ്ട് തന്നെ തന്റെ ആശയങ്ങള്‍ കൃത്യമായി ജനങ്ങളില്‍ എത്തിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ സുതാര്യമാക്കുന്ന കാര്യത്തില്‍ അദ്ദേഹം പരാജയമാണ്. മോദിക്ക് കീഴില്‍ രാജ്യം വലിയ വെല്ലുവിളികളാണ് നേരിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

NO COMMENTS