മുംബൈ: മലയാളികള്‍ ദുരൂഹ സാഹചര്യത്തില്‍ നാടുവിട്ട സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. റിസ്വാന്‍ ഖാന്‍ എന്നയാളെയാണ് ഇന്ന് താനെയില്‍ നിന്നും പിടികൂടിയത്. കേരള പോലീസും മഹാരാഷ്ട്ര എ.ടി.എസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷന്‍ അധ്യാപകന്‍ ഖുറൈഷിയെ അറസ്റ്റു ചെയ്തിരുന്നു. യു.എ.പി.എ നിയമപ്രകാരം കൊച്ചി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു അറസ്റ്റ്. ഇടപ്പള്ളി സ്വദേശിനി മെറിനെ ഭര്‍ത്താവ് യഹിയക്കൊപ്പം കാണാതായ സംഭവത്തില്‍ സഹോദരന്‍ എബിന്‍ നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്.
ഖുറേഷിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്ന് നിരവധി യുവാക്കളെ മതംമാറ്റിയതായി സൂചന ലഭിച്ചിരുന്നു. ഇവര്‍ തീവ്രവാദ ബന്ധമുള്ള സംഘടനയുമായി സഹകരിക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പോലീസ് യു.എ.പി.എ ചുമത്തിയത്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും നാല്പതോളം ചെറുപ്പക്കാരെ കാണാതായിട്ടുണ്ടെന്നും ഇവര്‍ ഐ.എസുമായി ബന്ധപ്പെട്ട് ഇറാഖ്, സിറിയ, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ എത്തിയെന്നാണ് ദേശീയ അന്വേഷണ ഏജന്‍സി നല്‍കുന്ന സൂചന.