തൃശൂർ∙ ആറുമാസമായി ഒല്ലൂർ മരത്താക്കരയിലെ വാടകവീട്ടിൽ കള്ളപ്പേരിൽ ഒളിച്ചുകഴിഞ്ഞ മാവോയിസ്റ്റ് ദമ്പതികളെ തമിഴ്നാട് ക്യു ബ്രാഞ്ച് പൊലീസ് പിടികൂടി. ഇന്നലെ രാത്രി എട്ടുമണിയോടെ വാടകവീട്ടിലെത്തിയ ക്യു ബ്രാഞ്ച് സംഘം ഇരുചെവിയറിയാതെ ദമ്പതികളെ കസ്റ്റഡിയിലെടുത്തു രാത്രിയോടെ തമിഴ്നാട്ടിലേക്കു മടങ്ങിയെന്നാണു വിവരം. മലയാളികളായ മുരുകൻ (43), ഭാര്യ സുമതി (39) എന്നിവരാണ് അറസ്റ്റിലായത്. മരത്താക്കരയിലെ വാടക വീട്ടിൽ ആറുമാസം മുൻപാണ് ഇവർ താമസിക്കാനെത്തിയത്.
വീടു വാടകയ്ക്കു നൽകിയെങ്കിലും എന്താണ് ഇവരുടെ തൊഴിലെന്നോ എവിടെയാണ് സ്വദേശമെന്നോ വീട്ടുടമസ്ഥർ കൃത്യമായി ചോദിച്ചു മനസിലാക്കിയിരുന്നില്ല. ഇവർ നൽകിയതൊക്കെയും തെറ്റായ വിവരങ്ങളുമായിരുന്നു. ഇന്നലെ രാത്രി എട്ടോടെ വാടക വീട്ടിലെത്തിയ ക്യു ബ്രാഞ്ച് സംഘം ഇവരെ കസ്റ്റഡിയിലെടുത്തു മടങ്ങിയത് അയൽവാസികൾ പോലും അറിഞ്ഞില്ല. പിന്നീടു രണ്ടാമതും പൊലീസ് സംഘം വീട്ടിലെത്തി വാതിൽ തുറന്ന് അകത്തുകയറി പരിശോധന നടത്തിയപ്പോഴാണ് നാട്ടുകാര് വിവരമറിഞ്ഞത്.