യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളുമായി  സഹകരിക്കാൻ കേരളത്തിന് താല്പര്യമുണ്ടെന്ന് മുഖ്യമന്ത്രി 

165

കേരളത്തിന്‍റെ പുരോഗതിക്കുവേണ്ടിയുളള പദ്ധതികളില്‍ പങ്കാളികളാകാന്‍ യൂറോപ്യന്‍ യൂണിയനിലെ സ്ഥാപനങ്ങളോടും നിക്ഷേപകരോടും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. ഖരമാലിന്യ സംസ്കരണം, നദികളുടെയും ജലാശയങ്ങളുടെയും പുനരുജ്ജീവനം എന്നി മേഖലകളില്‍ യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളുമായി സഹകരിക്കാന്‍ കേരളത്തിന് താല്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളം സന്ദര്‍ശിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ റിസര്‍ച്ച് ആന്‍റ് ഇന്നവേഷന്‍ പ്രതിനിധി സംഘവുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന്‍റെ വിനോദനഞ്ചാര മേഖലയ്ക്ക് യൂറോപ്യന്‍ യൂണിയന്‍ വലിയ വിപണിയാണ്. യൂറോപ്യന്‍ യൂണിയനില്‍നിന്ന് കേരളത്തിലേക്കുളള നിക്ഷേപവും വര്‍ധിച്ചിട്ടുണ്ട്. കേരളത്തില്‍നിന്ന് ധാരാളം വിദ്യാര്‍ത്ഥികള്‍ യൂറോപ്യന്‍ സര്‍വകലാശാലകളില്‍ പഠിക്കുന്നുണ്ട്. മാനവ വികസന സൂചികകളില്‍ വികസിത രാജ്യങ്ങളോടൊപ്പം നില്‍ക്കുന്ന കേരളം ഇപ്പോള്‍ ഡിജിറ്റല്‍ സമ്പദ്ഘടനയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. വിജ്ഞാന സമ്പദ്വ്യവസ്ഥയിലേക്കുളള മാറ്റമാണ് കേരളം ആസൂത്രണം ചെയ്യുന്നത്. വിജ്ഞാന സമ്പദ്വ്യവസ്ഥയിലേക്ക് മാറണമെങ്കില്‍ പുതുമ അനിവാര്യമാണ്. ശാസ്ത്ര-സാങ്കേതിക വിദ്യ ഉപയോഗിച്ച് പുതുമ കൈവരിക്കണം. ശാസ്ത്ര-സാങ്കേതിക രംഗത്ത് യൂറോപ്യന്‍ യൂണിയനുമായി സഹകരിക്കാനും ആശയങ്ങള്‍ കൈമാറാനും കേരളത്തിന് താല്പര്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

യൂറോപ്യന്‍ യൂണിയന്‍ റിസര്‍ച്ച് ആന്‍റ് ഇന്നവേഷന്‍ വിഭാഗത്തിന്‍റെ മേധാവി ടാനിയ ഫ്രഡറിക്സ്, ശാസ്ത്ര ഉപദേഷ്ടാവ് ഡോ. വിവേക് ധാം, സി.എന്‍.ആര്‍.എസ് ഡയറക്ടര്‍ ഡോ. ശ്രീനിവാസ് എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്‍, ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍, ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍, ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ഡോ. സുരേഷ് ദാസ്, മെമ്പര്‍ സെക്രട്ടറി ഡോ. എസ്. പ്രദീപ് കുമാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

NO COMMENTS