ന്യൂഡല്‍ഹി: കള്ളപ്പണനിരോധന നിയമത്തിലെ ജാമ്യത്തിനുള്ള വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി. ജാമ്യം നൽകുന്നതിനുള്ള കര്‍ശനവ്യവസ്ഥകള്‍ കോടതി റദ്ദാക്കി. 45ാം വ്യവസ്ഥയുടെ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളിലായിരുന്നു കോടതി വിധി.
കേസില്‍ അകപ്പെടുന്നവര്‍ക്ക് ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് വ്യവസ്ഥകളാണ് നിയമത്തിലുള്ളത്. പബ്ലിക് പ്രോസിക്യൂട്ടറെ കേള്‍ക്കാതെ ജാമ്യം നല്‍കരുത് എന്നതാണ് ഒന്നാമത്തെ വ്യവസ്ഥ. കേസില്‍ കുറ്റാരോപിതന്‍ നിരപരാധിയാണെന്ന് കോടതിക്ക് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടാല്‍ മാത്രമേ ജാമ്യം അനുവദിക്കാവൂ എന്നതാണ് രണ്ടാമത്തെ വ്യവസ്ഥ.ഈ വ്യവസ്ഥകള്‍ ജാമ്യനിഷേധത്തിനേ വഴിവയ്ക്കൂ എന്ന് കോടതി വിലയിരുത്തി.
ജസ്റ്റിസ് രോഹിന്‍ടണ്‍ നരിമാന്‍ അധ്യക്ഷനായ ബഞ്ചാണ് കള്ളപ്പണനിരോധനിയമത്തിലെ 45ാം വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണെന്ന് ഉത്തരവിട്ടത്.