തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍ പ്രായം 58 ആയി ഉയര്‍ത്താനുള്ള നീക്കത്തില്‍നിന്നു സര്‍ക്കാര്‍ പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടതു സര്‍ക്കാരിന്റെ ഘടകവിരുദ്ധമായ നീക്കം ശരിയല്ല. പ്രതിപക്ഷത്ത് ഇരിക്കുമ്ബോള്‍ ഒരു നിലപാടും ഭരണപക്ഷത്ത് ഇരിക്കുമ്ബോള്‍ മറ്റൊരു നിലപാടുമാണ് എല്‍ഡിഎഫ് സ്വീകരിക്കുന്നത്. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. എന്നാല്‍ ഇപ്പോഴും പങ്കാളിത്ത പെന്‍ഷന്‍ തുടരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുകയാണെന്നും അതിനാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഓഖി ചുഴിലിക്കാറ്റിനെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കുറവാണ്. തീരദേശം കൊടുംപട്ടിണിയിലാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന സൗജന്യ റേഷന്‍ തട്ടിപ്പാണെന്നും ചുഴലിക്കാറ്റില്‍ മരിച്ചവരുടെയും കാണാതായവരുടെയും കൃത്യമായ കണക്ക് ഇതുവരെ കൊടുക്കാന്‍ സര്‍ക്കാരിനു സാധിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഓഖി ചുഴലിക്കാറ്റിനെ കേന്ദ്ര സര്‍ക്കാര്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. നാശനഷ്ടം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്ന ധനസഹായം നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.