തിരുവനന്തപുരം: മാധ്യമങ്ങള്‍ കള്ളത്തരം പ്രചരിപ്പിക്കുന്നത് നല്ലതാണോയെന്ന് ആത്മപരിശോധന നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ചേരുന്നത് കേരള കോണ്‍ഗ്രസ് എം, ജനതാദള്‍ യു എന്നീ പാര്‍ട്ടികളെ എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍ച്ച ചെയ്യാനാണെന്ന മാധ്യമ വാര്‍ത്തകള്‍ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തതാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മാധ്യമങ്ങള്‍ വാര്‍ത്തകളെന്ന രീതിയില്‍ കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നത് നല്ലതാണോ എന്ന ആത്മപരിശോധന നടത്തുന്നത് നന്നാവും. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് 14നും15നും ചേരുന്നത് കേരള കോണ്‍ഗ്രസ് എം, ജനതാദള്‍ യു എന്നീ പാര്‍ടികളെ എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍ച്ചചെയ്യാനാണെന്ന വാര്‍ത്തകള്‍ക്ക് യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ല. ഇരുപത്തിരണ്ടാം പാര്‍ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള ഏരിയ സമ്മേളനങ്ങള്‍ പൂര്‍ത്തിയാകുകയാണ്. 26 മുതല്‍ ജില്ലാ സമ്മേളനങ്ങള്‍ ആരംഭിക്കും. സമ്മേളനകാര്യങ്ങളാണ് സെക്രട്ടേറിയറ്റ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുക. സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കുക എന്നത് വലിയൊരു ജനാധിപത്യ പ്രക്രിയയാണ്. കേന്ദ്ര നേതാക്കളുടെ സൗകര്യവുംകൂടി പരിഗണിച്ചാണ് സെക്രട്ടറിയറ്റ് വ്യാഴാഴ്ച നിശ്ചയിച്ചത്.
കെ എം മാണിയുടെ പാര്‍ടി യു ഡി എഫ് വിട്ടത് ഒരുവര്‍ഷംമുമ്ബാണ്. വീരേന്ദ്രകുമാര്‍ എംപി സ്ഥാനം രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ രാജിവച്ചിട്ടുമില്ല. ഇരു പാര്‍ടിയും പുതുതായി നിലപാടുകളൊന്നും വ്യക്തമാക്കിയിട്ടില്ല. യുഡിഎഫില്‍ വിള്ളല്‍വീഴ്ത്താനുള്ള അവസരങ്ങള്‍ എല്‍ഡിഎഫ് ഉപയോഗപ്പെടുത്തുമെന്നത് സ്വാഭാവികം. യുഡിഎഫിനെ ശക്തിപ്പെടുത്താനല്ല എല്‍ഡിഎഫ് നിലകൊള്ളുന്നത്. കോട്ടയം ജില്ലാ പഞ്ചായത്തില്‍ യു ഡി എഫില്‍ വിള്ളല്‍വീണപ്പോഴാണ് അവിടെ ജില്ലാ പഞ്ചായത്തില്‍മാത്രം കേരള കോണ്‍ഗ്രസിനെ സഹായിക്കാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് എമ്മും തമ്മിലുള്ള വിള്ളല്‍ തുടരുകയാണ്. യുഡിഎഫ് ഇന്നത്തേക്കാള്‍ ദുര്‍ബലമാകുമെന്ന കാര്യത്തില്‍ സംശയമില്ല.
സിപിഐ എം സെക്രട്ടറിയറ്റ് യോഗം ചേരുന്ന 14ന് കേരള കോണ്‍ഗ്രസ് യോഗം ചേരുന്നത് യാദൃച്ഛികംമാത്രം. സിപിഐ എമ്മിന്റെ എല്ലാ സെക്രട്ടറിയറ്റ് യോഗങ്ങളിലും രാഷ്ട്രീയ സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യുക സാധാരണമാണ്. നുണകള്‍ വാര്‍ത്തകളാക്കും മുമ്ബ് എന്നോട് ബന്ധപ്പെട്ടിരുന്നെങ്കില്‍ യഥാര്‍ത്ഥ വസ്തുതകള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പറഞ്ഞു കൊടുത്തേനെ