ഐഎഫ്എഫ്‌കെ : സുവര്‍ണചകോരം പലസ്തീനിയന്‍ ചിത്രം വാജിബിന്

924

തിരുവനന്തപുരം: ഇരുപത്തി രണ്ടാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ആന്‍ മേരി ജസീര്‍ സംവിധാനം ചെയ്ത പലസ്തീനിയന്‍ ചിത്രം ‘വാജിബി’ന് ലഭിച്ചു. മേളയിലെ മികച്ച നവാഗത സംവിധായകനുള്ള രജതചകോരം പുരസ്‌കാരത്തിന് മലയാളിയായ സഞ്ജു സുരേന്ദ്രന്‍ അര്‍ഹനായി. ചിത്രം ഏദന്‍. ഈ ചിത്രം മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരവും സ്വന്തമാക്കി.

മികച്ച സംവിധായകനുള്ള രജതചകോരം പുരസ്‌കാരത്തിന് മലില ദ ഫെയര്‍വെല്‍ ഫല്‍ര്‍ എന്ന തായ് ചിത്രം സംവിധാനം ചെയ്ത അനൂച ബൂന്യവതന അര്‍ഹയായി. ജോണി ഹെന്റിക്‌സ് സംവിധാനം ചെയ്ത കൊളംബിയന്‍ ചിത്രം കാന്‍ഡലേറിയ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി. മികച്ച ചിത്രത്തിനുള്ള നെറ്റ്പാക്, ഫിപ്രസി പുരസ്‌കാരങ്ങള്‍ ന്യൂട്ടന്‍ എന്ന ഇന്ത്യന്‍ ചിത്രം നേടി. (സംവിധായകന്‍ അമിത് മസൂര്‍ക്കര്‍). സജീവ് പാഴൂരിന്റെ തിരക്കഥയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് നെറ്റ്പാക് പുരസ്‌കാരത്തിന് അര്‍ഹമായ മലയാള ചിത്രം.

മേളയിലെ ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം അള്‍ജീരിയന്‍ സംവിധായിക റെയ്ഹാനിയുടെ ഐ സ്റ്റില്‍ ഹൈഡ് ടു സ്‌മോക്ക് എന്ന ചിത്രത്തിന് ലഭിച്ചു.

NO COMMENTS