കൊച്ചി: എറണാകുളത്ത് കഴിഞ്ഞ ദിവസങ്ങളില്‍ വീടുകളില്‍ കയറി ആക്രമിച്ച് മോഷണം നടത്തിയ സംഘത്തില്‍പ്പെട്ടവര്‍ Oസംസ്ഥാനം വിട്ടിട്ടില്ലെന്ന് പൊലീസ്. ഒന്നിലേറെ സംഘങ്ങള്‍ ഉണ്ടോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലന്ന നിലപാടിലാണ് പൊലീസ്. തൃപ്പൂണിത്തുറ എസ്എംപി കോളനി റോഡില്‍ നന്നപ്പിള്ളി വീട്ടില്‍ അനന്ദകുമാറിന്റെ ഭവനത്തിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെ കവര്‍ച്ച നടന്നത്. ഗൃഹനാഥന്റെ തലയ്ക്കടിച്ചായിരുന്നു കവര്‍ച്ച. 50 പവനും ഇരുപതിനായിരം രൂപയും മൊബൈല്‍ ഫോണുകളും കവര്‍ച്ച ചെയ്തു.
ഏകദേശം 15 പേരടങ്ങുന്ന വടക്കേ ഇന്ത്യന്‍ സ്വദേശികളായ സംഘമാണ് കവര്‍ച്ച നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. വീടിന്റെ മുന്പിലെ ജനാലയുടെ കമ്ബികള്‍ അറുത്താണ് മോഷ്ടക്കള്‍ അകത്തു കടന്നത്. വീട്ടില്‍ ആനന്ദകുമാര്‍ (49), അമ്മ സ്വര്‍ണമ്മ (72), മക്കള്‍ ദീപക് , രൂപക് എന്നിവരെ വീടിന്റെ ഓരോ മുറിയിലും ഭാര്യ ഷാരിയെ (46) ബാത്ത്റൂമിലുമായി കെട്ടിയിട്ട നിലയിലായിരുന്നു.
കവര്‍ച്ച സംഘം പോയ ശേഷം നാലരയോടെ ഇളയ മകനായ രൂപക് കെട്ടഴിക്കുകയും തുടര്‍ന്ന് ഒച്ചവെച്ചു സമീപവാസികളെ വിവരം അറിയിക്കുകയുമാണ് ഉണ്ടായത്. രൂപക്കിന്റെ ബഹളം കേട്ട സമീപവാസികളായ അഭിലാഷ് ജോര്‍ജ്, അഖില്‍ തോമസ് എന്നിവര്‍ ഇവരെ രക്ഷപ്പെടുത്തുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. കൊച്ചി പുല്ലേപ്പടിയില്‍ ഈ സംഭവത്തിന് തൊട്ട് തലേ ദിവസമാണ് വൃദ്ധദമ്പതികളെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം കവര്‍ന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ ലിസി ആസ്പത്രി പുല്ലേപ്പടി പാലം റോഡിലെ ഇല്ലിപ്പറമ്ബില് ഇസ്മയിലി (74) ന്റെ വീട്ടിലായിരുന്നു സംഭവം. കൈക്ക് പരിക്കേറ്റ സൈനബ റിനൈ മെഡിസിറ്റിയില്‍ ചികിത്സയിലാണ്. സംഭവസ്ഥലത്തുനിന്ന് ഒരു കത്തിയും വെടിയുണ്ടയും കിട്ടിയിട്ടുണ്ട്. അക്രമികളുടെ പക്കല്‍ തോക്കുണ്ടായിരിക്കാമെന്ന സംശയം ബലപ്പെടുത്തുന്നതാണിത്.
ഇവര്‍ എത്ര സംഘങ്ങള്‍ ഉണ്ടെന്ന കാര്യത്തിലും പൊലീസിന് വ്യക്തമായി ധാരണ ലഭിച്ചിട്ടില്ല. എന്നാല്‍ സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ടെത്തിയ അന്യസംസ്ഥാനക്കാരായവരെ കേന്ദ്രീകരിച്ച് തന്നെയാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. തലക്കടിച്ച് പരിക്കേല്‍പ്പിച്ചും കെട്ടിയിട്ടും സംഘം ചേര്‍ന്ന് ആക്രമണം നടത്തുന്ന സംഘത്തെ പിടികൂടുന്നത് വരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് പൊലീസ് പറയുന്നത്. അപരിചിതര്‍ രാത്രിയില്‍ വാതിലില്‍ മുട്ടിയാല്‍ തുറക്കരുതെന്നാണ് നിര്‍ദ്ദേശം. അസ്വാഭാവികമായ രൂപത്തില്‍ ആരെ കണ്ടാലും എത് വാഹനം കണ്ടാലും വിവരമറിയിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.