തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആഞ്ചിയോ പ്ലാസ്റ്റി നിര്‍ത്തിവച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സൂപ്രണ്ട് ഡോ.എസ്.ഷര്‍മ്മദ്. ആശുപത്രിയില്‍ ആഞ്ചിയോ പ്ലാസ്റ്റി നിര്‍ത്തിവച്ചുവെന്നും എമര്‍ജന്‍സി കേസുകളില്‍ മാത്രമാണ് ആഞ്ചിയോ ഗ്രാം ചെയ്യുന്നതെന്നുമായിരുന്നു പുറത്ത് വന്ന വാര്‍ത്തകള്‍. രണ്ട് ദിവസത്തിനുള്ളില്‍ ഇതും നിര്‍ത്തുമെന്നും ചികിത്സക്ക് ആവശ്യമായ ഉപകരണങ്ങള്‍ ഇല്ലാത്തതാണ് കാരണമെന്നുമായിരുന്നു വാര്‍ത്തകള്‍.
ചൊവ്വാഴ്ച 6 ആഞ്ചിയോ പ്ലാസ്റ്റിയും 9 ആഞ്ചിയോഗ്രാമും, ബുധനാഴ്ച ഉച്ചവരെ 8 ആഞ്ചിയോഗ്രാമും, 2 ആഞ്ചിയോ പ്ലാസ്റ്റിയും ചെയ്തു കഴിഞ്ഞുവെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ കാരുണ്യാ ഫണ്ടില്‍ നിന്നും തുക ലഭിക്കുന്നതിലുള്ള കാലതാമസം പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി കഴിഞ്ഞ ചൊവ്വാഴ്ച തന്നെ കാരുണ്യ ഫണ്ടില്‍ നിന്നും 3 കോടി രൂപ കാര്‍ഡിയോളജി വിഭാഗത്തിന് സ്റ്റെന്റും മറ്റ് ഉപകരണങ്ങളും നല്കുന്ന കമ്പനികള്‍ക്ക് വിതരണം ചെയ്തിട്ടുണ്ടെന്നും സൂപ്രണ്ട് അറിയിച്ചു.
സ്റ്റെന്റും മറ്റ് ഉപകരണങ്ങളും മുടക്കമില്ലാതെ വിതരണം ചെയ്യണമെന്ന് സൂപ്രണ്ട് വിതരണക്കാരോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരില്‍ നിന്നും ബാക്കി തുക ലഭിക്കുന്ന കിട്ടുന്ന മുറക്ക് മുഴുവന്‍ കുടിശ്ശികയും തീര്‍ക്കുമെന്നും സൂപ്രണ്ട് വ്യക്തമാക്കി.