ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ മോചനവുമായി ബന്ധപ്പെട്ട് തമിഴ്‍നാട് സുപ്രീംകോടതിയെ സമീപിച്ചു. വിഷയത്തില്‍ തീരുമാനമെടുക്കാനുള്ള പ്രാഥമിക പരിഗണന കേന്ദ്രസര്‍ക്കാറിനാണെന്ന ഭരണഘടനാ ബെഞ്ചിന്‍റെ വിധി പുനപരിശോധിക്കണമെന്നാവശ്യപ്പട്ടാണ് തമിഴ്‍നാട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
ജയിലില്‍ കഴിയുന്ന പേരറിവാളന്‍, മുരുകന്‍,റോബര്‍ട്ട് പയസ്, ജയകുമാര്‍, നളിനി, രവിചന്ദ്രന്‍, ശാന്തന്‍ എന്നിവരെ മോചിപ്പിക്കാനാണ് തമിഴ്നാടിന്‍റെ ശ്രമം.
ജീവപര്യന്തം ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രതികളുടെ മോചനത്തിന് കേന്ദ്രവുമായി കൂടിയാലോചന നടത്തുക മാത്രമാണ് ചെയ്യേണ്ടതെന്നും കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ ദേശീയ താല്‍പര്യമുള്ള കേസുകളില്‍ ശിക്ഷാ ഇളവ് പ്രഖ്യാപിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് അനുവാദമില്ലെന്നുമായിരുന്നു സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്‍റെ വിധി. 2015 ഡിസംബര്‍ മൂന്നിനായിരുന്നു വിധി.
പിന്നീട് പ്രതികളെ മോചിപ്പിക്കാന്‍ തയാറാണെന്ന് അറിയിച്ച് തമിഴ്നാട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ച അഭ്യര്‍ത്ഥന കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ തടവുകാരെ മോചിപ്പിക്കാനാകില്ലെന്നായിരുന്നു കേന്ദ്രം വ്യക്തമാക്കിയത്.
1991 മെയ് 21നാണ് തമിഴ്നാട്ടിലെ ശ്രീപെരുംപുതൂരില്‍ വെച്ച് രാജീവ് ഗാന്ധി വധിക്കപ്പെട്ടത്. വിചാരണകോടതി എല്ലാ പ്രതികള്‍ക്കും വധശിക്ഷയാണ് വിധിച്ചിരുന്നതെങ്കിലും പിന്നീട് കേസ് പരിഗണിച്ച സുപ്രീംകോടതി 19 പ്രതികളുടെ ശിക്ഷ ഒഴിവാക്കി.