കൊച്ചി∙ രാജ്യാന്തര ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിനു(ഐഎസ്) വേണ്ടി യുവതീ യുവാക്കളെ റിക്രൂട്ടു ചെയ്തെന്ന ആരോപണം നേരിടുന്ന മുംബൈ സ്വദേശി ആർഷി ഖുറേഷി മലയാളികളെ മതംമാറാൻ സഹായിച്ചതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. എന്നാൽ നിർബന്ധിത മതംമാറ്റം നടത്തിതെന്ന ആരോപണം ആർഷി നിഷേധിച്ചു.
കാണാതായ പാലാരിവട്ടം സ്വദേശി മെറി(മറിയം)ന്റെ സഹോദരൻ നൽകിയ പരാതിയിൽ മെറിനു പുറമെ തന്നേയും ആർഷി മതംമാറാൻ നിർബന്ധിച്ചതായി ആരോപിക്കുന്നുണ്ട്. എഴുന്നൂറിൽ അധികം മലയാളി യുവാക്കൾ മതംമാറിയതായാണു പൊലീസിന്റെ നിഗമനം. ഇവരെല്ലാം മുംബൈയിൽ എത്തിയ ശേഷമാണു വിദേശത്തേക്കു പോയിട്ടുള്ളത്. മുംബൈയിലെ മതപണ്ഡിതനായ സാക്കിർ നായിക്കിന്റെ ഇസ്‍ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ ‘ഗസ്റ്റ് റിലേഷൻസ് ഓഫിസർ’ തസ്തികയിൽ പ്രവർത്തിക്കുന്ന ആർഷി ഖുറേഷി സംഘടനയ്ക്കു ഭീകരസംഘടനകളുമായി ബന്ധമില്ലെന്നും പറഞ്ഞു.
ഇയാൾക്കൊപ്പം പിടിയിലായ റിസ്‌വാൻ ഖാന്റെ പൂർവ്വ പിതാക്കൾ മട്ടാഞ്ചേരിയിൽനിന്നു കോയമ്പത്തൂരിലേക്കു കുടിയേറിയവരാണ്. പിന്നീട് ഇവരുടെ കുടുംബം മുബൈയിലേക്കു താമസം മാറുകയായിരുന്നു. ഓഗസ്റ്റ് എട്ടുവരെയാണു പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം പ്രതികളെ മുംബൈയിൽ എത്തിച്ചു തെളിവെടുക്കും. അതേസമയം, കാണാതായ കാസർകോട് സ്വദേശി അഷറഖിനു പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന വിവരവും പൊലീസിനു ലഭിച്ചു.