തിരുവനന്തപുരം: ലോക കേരളസഭയുടെ പ്രഥമസമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കം. നിയമസഭാമന്ദിരത്തിലെ പ്രത്യേക വേദിയില്‍ രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന് സമ്മേളനം ഉദ്ഘാടനം ചെയ്യും. കരട് രേഖയും അദ്ദേഹം അവതരിപ്പിക്കും. സമ്മേളന നടപടി രാവിലെ 9.30ന് ആരംഭിക്കും. 8.30മുതല്‍ 9.30വരെ അംഗങ്ങളുടെ രജിസ്ട്രേഷന് നടക്കും. ചീഫ് സെക്രട്ടറി പോള്‍ ആന്റണി സഭാ രൂപീകരണം സംബന്ധിച്ച പ്രഖ്യാപനം നടത്തും.
തുടര്‍ന്ന് സഭാംഗങ്ങള്‍ ഒരുമിച്ച് സത്യപ്രതിജ്ഞചെയ്ത് ചുമതലയേല്‍ക്കും. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് സഭയുടെ പ്രാധാന്യം വിശദീകരിക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സംസാരിക്കും. 351 അംഗങ്ങളാണ് സഭയില്‍ ഉണ്ടാകുക.
ലോക കേരളസഭയെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാട് രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് പി ജെ കുര്യന്, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മുന്‍ മുഖ്യമന്ത്രിമാരായ വിഎസ് അച്യുതാനന്ദന്, ഉമ്മന്‍ചാണ്ടി, മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി തുടങ്ങിയവര്‍ അവതരിപ്പിക്കും. 2.30 മുതല്‍ അഞ്ച് ഉപവേദികളിലായി മേഖല തിരിച്ചുള്ള സമ്മേളനങ്ങള്‍ നടക്കും. പൊതുസമ്മേളനത്തില്‍ മേഖലാചര്‍ച്ചകളുടെ അവതരണം ഉണ്ടാകും. മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, പ്രവാസിവ്യവസായികള്‍, സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വൈകിട്ട് 6.15മുതല്‍ സാംസ്കാരികപരിപാടികള്‍ നടക്കും.