ന്യൂഡല്‍ഹി : ആധാറിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രിം കോടതി ഭരണഘടന ബഞ്ചിന് മുന്‍പാകെ ഇന്ന് വാദം തുടങ്ങും. സ്വകാര്യത മൗലിക അവകാശമാണെന്ന ഒന്‍പതംഗ ഭരണഘടനാ ബെഞ്ചിന്‍റെ വിധിയുടെ പശ്ചാത്തലത്തിലാണ് ആധാറിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യപ്പെടുന്നത്. ആധാര്‍ സ്വകാര്യതയുടെ ലംഘനമാണെന്നാണ് ഹര്‍ജിക്കാരുടെ പ്രധാന വാദം. ആധാര്‍ വിവരങ്ങളുടെ സുരക്ഷിതത്വവും ഹര്‍ജിക്കാര്‍ ഉന്നയിക്കും. ചീഫ് ജസ്റ്റിസിന്‍റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ എകെ സിക്രി, എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലെ അംഗങ്ങള്‍.