കുവൈത്ത് സിറ്റി: കുവൈറ്റില്‍ അനധികൃത താമസക്കാര്‍ക്കുള്ള പൊതുമാപ്പ് പ്രഖ്യാപിച്ചു. ജനുവരി 29 മുതല്‍ ഫെബ്രുവരി 22 വരെയാണ് പൊതുമാപ്പിന്റെ കാലാവധി. അനധികൃതമായി താമസിക്കുന്നവര്‍ക്ക് ഈ കാലയളവില്‍ പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടുപോകാവുന്നതാണ്. എന്നാല്‍ രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിഴയടച്ചാല്‍ താമസാനുമതി രേഖ സാധുതയുള്ളതാക്കാമെന്നും ആഭ്യന്തരമന്ത്രി ഷെയ്ഖ് ഖാലിദ് അല്‍ ജാറ അല്‍ സബാഹ് പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞു. പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവര്‍ക്ക് നാട്ടില്‍ പോയി തിരിച്ച് വരാനുള്ള അവസരവും ഉണ്ടാകും. എന്നാല്‍ പൊതുമാപ്പിന്റെ കാലാവധി തീരുന്ന ഫെബ്രുവരി 22ന് ശേഷവും നിയമപരമല്ലാതെ രാജ്യത്ത് തുടരുന്നവര്‍ക്ക് കടുത്ത പിഴയും ശിക്ഷയും ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. ഇത്തരക്കാരെ കരിമ്ബട്ടികയില്‍പ്പെടുത്തും. ഇവര്‍ക്ക് കുവൈറ്റിലേക്ക് പിന്നീട് തിരിച്ചുവരാനും കഴിയില്ല. കുവൈറ്റില്‍ ഒരു ലക്ഷത്തോളം അനധികൃത താമസക്കാരുണ്ടെന്നാണ് കണക്ക്.