പത്മാവതിനെതിരെയുള്ള പ്രക്ഷോഭം കര്‍ണി സേന പിന്‍വലിച്ചു

253

മുംബൈ: സഞ്ജയ് ലീല ബന്‍സാലി ചിത്രമായ പത്മാവതിനെതിരെയുള്ള പ്രക്ഷോഭം രജപുത്ര കര്‍ണി സേന പിന്‍വലിച്ചു. വെള്ളിയാഴ്ചയാണ് സംഘടന ഇത് സംബന്ധിച്ച പ്രസ്താവന ഇറക്കിയത്. ചിത്രം രജപുത്ര വീര്യത്തെ മഹത്വവല്‍ക്കരിക്കുന്നതാണെന്നും അത് തിരിച്ചറിഞ്ഞതിനാലാണ് പ്രതിഷേധം പിന്‍വലിക്കുന്നതെന്നും സംഘടന വ്യക്തമാക്കി. വെള്ളിയാഴ്ച സംഘടനയിലെ പ്രമുഖരായ യോഗേന്ദ്ര സിംഗ് ഖട്ടര്‍, ദേശീയ നേതാവ് സുഖ്ദേവ് സിംഗ് ഗോഗാമി എന്നിവര്‍ മുംബൈയിലെ തിയേറ്ററിലെത്തി ചിത്രം കണ്ടുവെന്നും തങ്ങള്‍ തെറ്റിദ്ധരിച്ചപോലെ ഒന്നും ചിത്രത്തില്‍ ഇല്ലെന്നും കര്‍ണിസേന പറഞ്ഞു. ചിത്രീകരണം ആരംഭിച്ചത് മുതല്‍ വാര്‍ത്തകളിലിടം നേടിയ ചിത്രമാണ് പദ്മാവത്. രജ്പുത് വിരുദ്ധത ആരോപിച്ച്‌ മഹാരാഷ്ട്രയിലെയും രാജസ്ഥാനിലെയും ചിത്രത്തിന്റെ സെറ്റ് കര്‍ണിസേന അംഗങ്ങള്‍ ആക്രമിക്കുകയും സംവിധായകനെ കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. ചിത്തോറിലെ രജപുത്ര ഭരണാധികാരി റാണാ രത്തന്‍സിങ്ങിന്റെ ഭാര്യയായിരുന്ന റാണി പദ്മാവതിയും അലാദ്ദിന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയരംഗങ്ങള്‍ സിനിമയില്‍ ഉണ്ടെന്നായിരുന്നു കര്‍ണിസേനയുടെ പ്രധാന ആരോപണം. ഇത് അണിയറ പ്രവര്‍ത്തകര്‍ നിഷേധിച്ചിട്ടും പ്രതിഷേധം തുടരുകയായിരുന്നു.

NO COMMENTS