ന്യൂഡല്‍ഹി: ബാബറി മസ്ജിദ് കേസില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ബാബറി മസ്ജിദ് നിന്ന അയോധ്യയിലെ രണ്ടേക്കര്‍ എഴുപത്തിയേഴ് സെന്റ് ഭൂമി സുന്നി വഖഫ് ബോര്‍ഡിനും രാമക്ഷേത്രത്തിന് വേണ്ടി കേസ് നടത്തിയ നിര്‍മോഹി അഖാഡക്കും രാംലല്ല വിരാജ്മനിനുമായി വിഭജിച്ച് നല്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലുകളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. അപ്രായോഗികമായ ഈ വിധിക്കെതിരെ മൂന്ന് കക്ഷികളും അപ്പീല്‍ നല്‍കിയിരുന്നു. വിഷയം ഭരണഘടനാ ബഞ്ചിന് വിടണമെന്ന് സുന്നി വഖഫ് ബോര്‍ഡ് ആവശ്യപ്പെടും. ഉടന്‍ വാദം കേള്‍ക്കല്‍ ആരംഭിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെയും ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെയും നിലപാട്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍, തര്‍ക്കഭൂമിയുമായി ബന്ധപ്പെട്ട ചരിത്രരേഖകള്‍ കോടതിക്ക് കൈമാറിയിരുന്നു. സംഘപരിവാര്‍ സംഘടനകള്‍ ഈമാസം പതിമൂന്ന് മുതല്‍ രഥയാത്ര നടത്താനിരിക്കെയാണ് കേസ് കോടതിയുടെ മുന്നിലെത്തുന്നത്.