സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാര്‍ശ അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കം ജുഡീഷ്യറിക്ക് മേലുള്ള കൈകടത്തല്‍ ; വി.എം.സുധീരന്‍

267

തിരുവനന്തപുരം : ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീം കോടതി ജഡ്ജി ആക്കരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ജനാധിപത്യ വിശ്വാസികളെ ആശങ്കയിലാഴ്ത്തുന്നതാണെന്ന് വി.എം.സുധീരന്‍.

സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാര്‍ശ അട്ടിമറിക്കാനുള്ള ഈ നീക്കം സ്വതന്ത്ര ജുഡീഷ്യറിക്ക് മേലുള്ള കൈകടത്തലാണെന്ന് സുധീരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ജുഡീഷ്യറിയിലും പിടിമുറുക്കാനുള്ള സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണിത്. ജനാധിപത്യ സംവിധാനത്തിന്റെ ആരോഗ്യപരമായ പ്രവര്‍ത്തനത്തിന് നീതിപൂര്‍വ്വവും നിഷ്പക്ഷവും സ്വതന്ത്രവുമായ ജുഡീഷ്യറി അനിവാര്യമാണ്. അത് ഇല്ലാതാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഈ ഗൂഢനീക്കം അപലപനീയമാണെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.

ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ നടപടിയെ ജസ്റ്റിസ് കെ.എം. ജോസഫ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത് മോദി ഭരണകൂടത്തിനേറ്റ കനത്ത തിരിച്ചടിയായിരുന്നു. അതിലുള്ള തരംതാണ പ്രതികാരമായിട്ടു മാത്രമേ ഇപ്പോഴത്തെ നീക്കത്തെ കാണാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

NO COMMENTS