മാധ്യമപ്രവർത്തകരുടെ വഴി തടയുന്നത് ഗൗരവമായാണ് കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

153

പൊലീസ് മാധ്യമപ്രവർത്തകരുടെ വഴി തടയുന്നത് ഗൗരവമായാണ് കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് തന്നെ അന്വേഷണം പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.
ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നത് കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ രാവിലെ അറസ്റ്റു ചെയ്‍ത് നീക്കിയിരുന്നു. കോടതി മുറിയില്‍ നിന്ന് പിടിച്ചുവലിച്ച് നീക്കിയ മാധ്യമ പ്രവര്‍ത്തകരെ ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജ് അടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് സംഭവം വിവാദമായതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ വിട്ടയയ്‍ക്കുകയായിരുന്നു. എന്നാല്‍ ഡിഎസ്എന്‍ജി വാഹനം തിരിച്ചെടുക്കാൻ എത്തിയപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. രാവിലത്തെ സംഭവത്തെ തുടര്‍ന്ന് ചുമതലയിൽ നിന്ന് മാറ്റിനിർത്തിയ ടൗൺ എസ് ഐ വിമോദ് ആണ് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ വീണ്ടും കസ്റ്റഡിയിലെടുത്തത്. എസ്ഐ വിമോദ് ഇവർക്ക് നേരേ അസഭ്യം പറഞ്ഞു . വലിച്ചിഴച്ച് പൊലീസ് സ്റ്റേഷന് അകത്തേക്ക് കൊണ്ടുപോയി. ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ പൊലീസ് സ്റ്റേഷനിൽ പൂട്ടിയിട്ടു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനു മുന്നിൽ മാധ്യമപ്രവർത്തകര്‍ പ്രതിഷേധിച്ചു

NO COMMENTS

LEAVE A REPLY