കോണ്‍ഗ്രസുമായും യു.ഡി.എഫുമായും അഭിപ്രായ ഭിന്നതയുണ്ടെന്ന് കെ.എം മാണി . കേരള കോണ്‍ഗ്രസിന്റെ തുടര്‍ രാഷ്ട്രീയ നിലപാടുകള്‍ ചരല്‍ക്കുന്നിലെ ക്യാംപില്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം കെ.എം മാണിയില്ലാത്ത യു.ഡി.എഫിനെക്കുറിച്ച് ചിന്തിക്കാനാവില്ലെന്ന് പാലായിലെ വീട്ടിലെത്തി അദ്ദേഹത്തെ കണ്ട ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.
ഉമ്മന്‍ ചാണ്ടിയുമായി അര മണിക്കൂറോളം ചര്‍ച്ച നടത്തിയിട്ടും തന്റെ നിലപാടില്‍ അയവില്ലെന്ന കെ.എം മാണി വ്യക്തമാക്കുന്നത്. ബാര്‍ കോഴ, വിവാഹ നിശ്ചയ വിവാദം തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടി ഉയര്‍ത്തിയ അഭിപ്രായങ്ങള്‍ മുന്നണി ഗൗരവത്തോടെ കണ്ടേ മതിയാകൂവെന്നാണ് അദ്ദേഹം പറഞ്ഞു വയ്ക്കുന്നത്. പാര്‍ട്ടിയുടെ തുടര്‍ നിലപാടെന്തെന്ന ചോദ്യത്തിന് കാത്തിരുന്ന് കാണൂവെന്നാണ് മാണിയുടെ മറുപടി.
നയപരവും രാഷ്ട്രീയവുമായ നിലപാടുകള്‍ ചരല്‍ക്കുന്ന് ക്യാംപില്‍ തീരുമാനിക്കും. ചെന്നിത്തലയെ കോണ്‍ഗ്രസ് ഏകപക്ഷീയമായി യു.ഡി.എഫ് ചെയര്‍മാനാക്കിയെന്ന അഭിപ്രായം അദ്ദേഹം ആവര്‍ത്തിച്ചു. മാണിയെ അനുനയിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടിയെയാണ് യു.ഡി.എഫ് ചുമതലപ്പെടുത്തിയത്. എന്നാല്‍ സൗഹൃദം സന്ദര്‍ശനം മാത്രമെന്നായിരുന്നു മാണിയുടെയും ഉമ്മന്‍ ചാണ്ടിയുടെയും പ്രതികരണം.